

വാഷിംഗ്ടൺ: അമേരിക്കയിൽ കഴിയുന്ന സൊമാലിയൻ പൗരന്മാർക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി ട്രംപ് ഭരണകൂടം റദ്ദാക്കി (Somalia Temporary Protected Status). ഇതോടെ നിലവിൽ ഈ ആനുകൂല്യം അനുഭവിക്കുന്ന നൂറുകണക്കിന് സൊമാലിയക്കാർ രണ്ട് മാസത്തിനുള്ളിൽ അമേരിക്ക വിടുകയോ അല്ലെങ്കിൽ നാടുകടത്തൽ നടപടികൾ നേരിടുകയോ ചെയ്യേണ്ടി വരും. സൊമാലിയയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടുവെന്നും ഇനി അവർക്ക് സംരക്ഷണം നൽകേണ്ടതില്ലെന്നുമാണ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിന്റെ വിശദീകരണം.
തട്ടിപ്പുകേസുകളിൽ ശിക്ഷിക്കപ്പെടുന്ന സൊമാലിയൻ വംശജരുടെ പൗരത്വം റദ്ദാക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സൊമാലിയൻ ഗുണ്ടകൾ മിനസോട്ടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അവർ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞു. മിനസോട്ടയിൽ സൊമാലിയൻ വംശജർക്ക് വലിയ സ്വാധീനമുള്ളതിനാൽ ഈ നീക്കം അവിടെ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ടിപിഎസ് പദവി അവസാനിക്കുന്ന മാർച്ച് 17-നകം സൊമാലിയൻ പൗരന്മാർ രാജ്യം വിടണം. ഔദ്യോഗിക കണക്കുകൾ പ്രകാരം 705 പേരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. എന്നാൽ ഈ ആനുകൂല്യത്തിനായി അപേക്ഷിച്ചവർ ഉൾപ്പെടെ 2,400-ലധികം ആളുകൾ പ്രതിസന്ധിയിലാകുമെന്നാണ് സൂചന. സൊമാലിയയിൽ ഇപ്പോഴും ആഭ്യന്തരയുദ്ധവും ദാരിദ്ര്യവും തുടരുകയാണെന്നും ഈ തീരുമാനം ക്രൂരമാണെന്നും മുസ്ലീം മനുഷ്യാവകാശ സംഘടനയായ 'കെയർ' കുറ്റപ്പെടുത്തി. ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനത്തിനെതിരെ മിനിയാപൊളിസ്, സെന്റ് പോൾ നഗരങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 1991-ൽ സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്നാണ് സൊമാലിയൻ പൗരന്മാർക്ക് അമേരിക്ക ആദ്യമായി ടിപിഎസ് പദവി നൽകിയത്. അന്നുമുതൽ പല സർക്കാരുകളും ഇത് പുതുക്കി നൽകിയിരുന്നെങ്കിലും ട്രംപ് ഇത് നിർത്തലാക്കാൻ തീരുമാനിക്കുകയായിരുന്നു.
The Trump administration has officially terminated the Temporary Protected Status (TPS) for Somali nationals, ordering hundreds to leave the U.S. by March 17 or face deportation. Homeland Security Secretary Kristi Noem stated that conditions in Somalia have sufficiently improved, though human rights groups argue the country remains unstable due to al-Shabaab militants and severe drought. President Trump also announced plans to revoke the citizenship of naturalized immigrants convicted of fraud, a move seen as part of a broader crackdown on the Somali community, particularly in Minnesota.