ഇരകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു; എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പോലും വെറുതെ വിടാത്ത, അമേരിക്കയുടെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും ഭീകരരായ സീരിയൽ കില്ലർമാരിൽ ഒരാൾ; റോഡ്‌നി അൽകാലയെന്ന നരാധമന്റെ കഥ | Rodney Alcala

ഒരു കൊലയാളിക്ക് ഉണ്ടായിരിക്കേണ്ട സാധാരണ രൂപഭാവങ്ങളോ പെരുമാറ്റരീതിയോ ആയിരുന്നില്ല അൽകാലയുടേത്.
Rodney Alcala
Updated on

അതീവ ബുദ്ധിയും വശ്യതയുമുള്ള ഒരു മനസ്സിന്റെ ഇരുണ്ടമുഖമായിരുന്നു റോഡ്‌നി അൽകാല (Rodney Alcala). അമേരിക്കയുടെ കുറ്റകൃത്യ ചരിത്രത്തിലെ ഏറ്റവും ഭീകരരായ സീരിയൽ കില്ലർമാരിൽ ഒരാളാണ് അൽകാല. അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ ഗെയിം ഷോയിൽ പ്രത്യക്ഷപ്പെട്ടതിലൂടെ "ദി ഡേറ്റിംഗ് ഗെയിം കില്ലർ" (The Dating Game Killer) എന്ന പേരിൽ കുപ്രസിദ്ധി നേടിയ അൽകാല എന്ന കൊടുംകുറ്റവാളി. അനായാസം മറ്റുള്ളവരെ ആകർഷിക്കാനുള്ള കഴിവ്, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയിലുള്ള താൽപ്പര്യം, അൽകാലക്ക് ഇരകളെ കണ്ടെത്താനുള്ള മറയായി. ലൈംഗിക വൈകൃതങ്ങൾക്ക് ഉടമയായിരുന്ന അൽകാല 1968 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ കവർന്നത് 130 സ്ത്രീകളുടെ ജീവനാണ് എന്ന് പറയപ്പെടുന്നു. ഇരകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു. എട്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ പോലും വെറുതെ വിടാതെ, തന്റെ ലൈംഗിക വൈകല്യങ്ങൾക്ക് അയാൾ ഇരയാക്കി.

റോഡ്‌നി അൽകാല 1943 ഓഗസ്റ്റ് 23-ന് ടെക്സാസിലെ സാൻ അൻ്റോണിയോയിലാണ് ജനിച്ചത്. അൽകാലയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മയുടെ സംരക്ഷണയിലാണ് അൽകാലയും സഹോദരിമാരും വളർന്നത്. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന അൽകാല 1960-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി റിസർവ്സിൽ ചേർന്നു. എന്നാൽ, മാനസികാരോഗ്യ പ്രശ്‌നങ്ങൾ കാരണം ഏതാനും വർഷങ്ങൾക്കുള്ളിൽ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു കാലത്ത് അൽകാല സ്ത്രീകൾ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നു. സൈന്യത്തിൽ നിന്നും പുറത്തായ ശേഷം യു.സി.എൽ.എ (UCLA) പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് സിനിമയിലും ആർട്സിലും അൽകാല ബിരുദങ്ങൾ സ്വന്തമാക്കി.

ഒരു കൊലയാളിക്ക് ഉണ്ടായിരിക്കേണ്ട സാധാരണ രൂപഭാവങ്ങളോ പെരുമാറ്റരീതിയോ ആയിരുന്നില്ല അൽകാലയുടേത്. ഉയർന്ന ഐ.ക്യു അതിബുദ്ധിമാനും, എന്നാൽ അങ്ങേയറ്റം അഹംഭാവിയുമായിരുന്നു അയാൾ. തന്റെ ഇരകളുടെ മേൽ പൂർണ്ണമായ അധികാരം സ്ഥാപിക്കുക എന്നതായിരുന്നു അൽകാലയുടെ പ്രധാന ലക്ഷ്യം. കൊല്ലുന്നതിന് മുമ്പ് മണിക്കൂറുകളോളം ഇരകളെ ലൈംഗികമായി പീഡിപ്പിക്കുന്നു, കെട്ടിയിടുന്നു. താനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണെന്ന് നടിച്ചാണ് ഇയാൾ സ്ത്രീകളെ സമീപിച്ചിരുന്നത്. മനോഹരമായ ചിത്രങ്ങൾ എടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്കോ സ്റ്റുഡിയോയിലേക്കോ കൂട്ടികൊണ്ടുപോകും. ശേഷം ഇരകളെ അടിച്ചു വിഴിതി, അവരെ കിഴ്പ്പെടുത്തുന്നു. തുടർന്ന് ഇരകളെ ലൈംഗികമായി പീഡിപ്പിക്കുന്നു, ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നു.

ക്രിമിനൽ ജീവിതത്തിൻ്റെ തുടക്കം

1968-ൽ, 8 വയസ്സുള്ള ടാലി ഷാപിറോ എന്ന പെൺകുട്ടിയെ അതിക്രൂരമായി ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. അന്ന് ആ കുഞ്ഞിനെ അൽകാല കൊലപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ആ കുഞ്ഞ് രക്ഷപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റിലായ അൽകാലക്ക് നേരിയ ശിക്ഷ മാത്രമാണ് ലഭിച്ചത്. വെറും 34 മാസത്തെ തടവിന് ശേഷം ഇയാൾ പരോളിലിറങ്ങി. ആദ്യത്തെ ക്രൂര കുറ്റകൃത്യത്തിന് കടുത്ത ശിക്ഷ ലഭിക്കാതിരുന്നത്, താൻ നിയമത്തിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടുമെന്ന ധാരണ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രചോദനം നൽകി.

ഫോട്ടോഗ്രാഫർ ഒളിപ്പിച്ച ഭീകരത

ഏറെ കാലം നീണ്ടു നിന്ന കൊലപാതക പരമ്പരക്ക് ശേഷം അൽകാല പിടിക്കപ്പെടുമ്പോൾ അയാൾക്ക് എതിരെ ഏറ്റവും വലിയ തെളിവുകളായി മാറിയത് അയാളുടെ ക്യാമറയും അതിൽ പകർത്തിയ ചിത്രങ്ങളുമായിരുന്നു. 1979-ൽ അൽകാല അറസ്റ്റിലായപ്പോൾ, പോലീസ് സീറ്റിലിലെ ഒരു സ്റ്റോറേജ് ലോക്കറിൽ നിന്നും ആയിരത്തിലധികം വരുന്ന ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു. ഈ ചിത്രങ്ങൾ എല്ലാം അൽകാലയുടെ ഇരകളുടെ ചിത്രങ്ങളായിരുന്നു. കൊല്ലപ്പെട്ടവരും അല്ലാത്തവരുമായ നിരവധി യുവതികളെയും പെൺകുട്ടികളെയും നഗ്നരാക്കിയും ലൈംഗികമായി പ്രകോപനപരമാകുന്ന രീതിയിലും അൽകാല ചിത്രീകരിച്ചിരുന്നു. ഈ ചിത്രങ്ങളിൽ പലരും ഇയാളുടെ തിരിച്ചറിയപ്പെടാത്ത ഇരകളാണെന്ന് കരുതപ്പെടുന്നു. കൊലപാതകത്തിന് ശേഷവും ഇയാൾ മൃതദേഹങ്ങൾ പ്രത്യേക രീതിയിൽ പോസ് ചെയ്യിച്ച് ചിത്രങ്ങൾ എടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇങ്ങനെ ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ചിത്രങ്ങൾ പകർത്തുന്നത് അൽകാലക്ക് ലൈംഗിക സംതൃപ്തി നൽകിയിരുന്നു.

'ദി ഡേറ്റിംഗ് ഗെയിം' ഷോയിലെ ദുരന്തനായകൻ

തൻ്റെ കൊലപാതക പരമ്പരയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് അൽകാല അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ കുപ്രസിദ്ധമായ ഒരു അതിഥിയായി മാറുന്നത്. 1978-ൽ, അൽകാല പ്രശസ്തമായ ദി ഡേറ്റിംഗ് ഗെയിം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ ഒരു മത്സരാർത്ഥിയായി പങ്കെടുത്തു. മത്സരത്തിൽ വിജയിച്ച് ഒരു യുവതിയുമായി ഡേറ്റിന് അർഹനായെങ്കിലും, ആ യുവതി പിന്നീട് അൽകാലയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി. അൽകാലയുടെ പെരുമാറ്റം വിചിത്രമായി (creepy) തോന്നിയതിനാലാണ് അവർ ഡേറ്റിന് പോകാതിരുന്നതെന്ന് പിന്നീട് വെളിപ്പെടുത്തി. ഒരു വശത്ത് ഇയാൾ സാധാരണമനുഷ്യനെപ്പോലെ ടെലിവിഷൻ സ്റ്റുഡിയോയിൽ ചിരിച്ചുല്ലസിച്ച് നിൽക്കുകയും, മറുവശത്ത് ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയും ചെയ്യുന്നു എന്ന വസ്തുത അമേരിക്കയെ ഞെട്ടിച്ചു.

ശിക്ഷാവിധിയും അന്ത്യവും

അൽകാലക്കെതിരെയുള്ള കേസുകൾ സങ്കീർണ്ണമായിരുന്നു. തെളിവുകളുടെ അഭാവം, സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ കാരണം പലതവണ ശിക്ഷാവിധികൾ റദ്ദാക്കപ്പെട്ടു. 12 വയസ്സുള്ള റോബിൻ സാംസോയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസാണ് ഇയാളെ കുടുക്കാൻ പ്രധാന കാരണമായത്. പിന്നീട്, DNA പരിശോധനയിലെ മുന്നേറ്റങ്ങൾ ഇയാളെ നിരവധി കൊലപാതകങ്ങളുമായി ബന്ധിപ്പിച്ചു. 2010-ൽ അഞ്ച് കൊലപാതക കേസുകളിൽ അൽകാല കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു. 2012-ൽ ന്യൂയോർക്കിലെ രണ്ട് കൊലപാതക കേസുകളിലും ഇയാൾ കുറ്റസമ്മതം നടത്തി. 77-ആം വയസ്സിൽ, 2021 ജൂലൈ 24-ന്, കാലിഫോർണിയയിലെ ജയിലിൽ വെച്ച് സ്വാഭാവിക കാരണങ്ങളാൽ റോഡ്‌നി അൽകാല മരണപ്പെട്ടു.

Summary

Rodney Alcala, known as The Dating Game Killer, was an intelligent and charming predator who used photography to lure and torture his victims. Despite appearing on a popular TV show, he secretly committed a series of brutal sexual assaults and murders across the US. His arrest in 1979 exposed a dark trove of disturbing photos, linking him to numerous unsolved cases and cementing his place among America’s most terrifying serial killers.

Related Stories

No stories found.
Times Kerala
timeskerala.com