
ഭൂമിയിലെ ഏറ്റവും ഉഷ്ണമുള്ള പ്രദേശങ്ങളിലൊന്നാണ് ഡെത്ത് വാലി (Death Valley). തീർത്തും വരണ്ട് ഉണങ്ങിയ ഭൂപ്രദേശം. കാലിഫോർണിയയുടെയും നെവാഡയുടെയും അതിർത്തിയിലാണ് ഡെത്ത് വാലി നാഷണൽ പാർക്ക്സ്ഥിതി ചെയ്യുന്ന. ഇവിടെ പതിനായിരം വർഷങ്ങൾക്ക് മുൻപ് വറ്റിവരണ്ട തടാകമാണ് റേസ്‌ട്രാക്ക് പ്ലായ (Racetrack Playa). ഡെത്ത് വാലി നാഷണൽ പാർക്കിലെ ഏറ്റവും മനോഹരവും എന്നാൽ ആരെയും അതിശയപ്പിക്കുന്നതുമായ കാഴ്ച പതിയിരിക്കുന്നതും ഈ തടാകത്തിലാണ്. നാലു കിലോമീറ്ററോളം നീളം വരുന്ന തടാകത്തിൽ ചിന്നി ചിതറി കിടക്കുന്ന വലിയ കല്ലുകൾ. ഒറ്റനോട്ടത്തിൽ അടുത്ത മലകളിൽ നിന്നും ഉരുൾപൊട്ടലിൽ തടാകത്തിലേക്ക് പതിച്ചതാണ് എന്നെ തോന്നു. എന്നാൽ, തടാകത്തിലെ ഈ കല്ലുകൾ അത്ര നിസാരകാരല്ല. തനിയെ നീങ്ങുവാൻ കഴിയും ഈ കല്ലുകൾക്ക്. കല്ലുകൾക്ക് സ്വന്തമായി ചലിക്കാൻ കഴിയുമോ? കഴിയും ഡെത്ത് വാലിയിലെ ഈ കല്ലുകൾക്ക് തനിയെ നീങ്ങാൻ കഴിയും.
റേസ്‌ട്രാക്ക് പ്ലായ തടാകത്തിലെ ഏറെ പ്രസിദ്ധമായ പ്രതിഭാസമാണ് സെയിലിംഗ് സ്റ്റോൺസ് (Sailing stones) അഥവാ ചലിക്കുന്ന കല്ലുകൾ. അര കിലോമീറ്ററോളം ദൂരം തനിയെ നിരങ്ങിനീങ്ങിയെത്തിയവയാണ് ഇവിടുത്തെ ചലിക്കുന്ന കല്ലുകൾ. ശാസ്ത്രലോകത്തെ പോലും ഏറെ കുഴപ്പിച്ച വിചിത്ര പ്രതിഭാസമായിരുന്നു തനിയെ നീങ്ങുന്ന കല്ലുകൾ. മനുഷ്യന്റെയോ മറ്റു ബാഹ്യശക്തികളുടെയോ ഇടപെടലില്ലാതെയാണ് പാറക്കല്ലുകൾ ചലിക്കുന്നത്. ചെറിയ പാറക്കഷ്ണങ്ങൾ മുതൽ നൂറ് കിലോയോളം ഭാരം വരുന്ന കല്ലുകളാണ് തനിയെ നീങ്ങുന്നത്. എന്നാൽ ആരും കല്ലുകൾ നീങ്ങുന്നത് നേരിട്ട് കണ്ടിട്ടില്ലെങ്കിലും, കല്ലുകൾക്ക് പിന്നിൽ അവശേഷിപ്പിച്ച പാതകളും അവയുടെ സ്ഥാനത്ത് ഇടയ്ക്കിടെ വരുന്ന മാറ്റങ്ങളും കല്ലുകൾ ചലിക്കുന്ന എന്നതിന് തെളിവായി ചൂണ്ടികാട്ടുന്നു.
ഓരോ കല്ലും നീങ്ങുന്ന വഴിയിൽ നീളത്തിലുള്ള വാഴിത്തര അവശേഷിപ്പിക്കുന്നു. പ്രദേശത്ത് വീശുന്ന ശക്തമായ കാറ്റ് കാരണമാകും കല്ലുകൾ തനിയെ നീങ്ങുന്നതെന്നാണ് ആദ്യകാലങ്ങളിൽ വിശ്വസിച്ചിരുന്നത്. എന്നാൽ ഈ വാദത്തെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. 2014-ൽ, ടൈം-ലാപ്സ് ഫോട്ടോഗ്രാഫി ഉപയോഗിച്ച് ആദ്യമായി കല്ലുകളുടെ ചലനം പകർത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഐസ്, വെള്ളം, കാറ്റ് എന്നിവയുടെ തികഞ്ഞ സന്തുലിതാവസ്ഥയുടെ ഫലമാണ് സെയിലിംഗ് കല്ലുകൾ എന്ന് ഫലങ്ങൾ ശക്തമായി സൂചിപ്പിക്കുന്നു.
ഒരുകൂട്ടം ശാസ്ത്രജ്ഞർ ഇവിടുത്തെ പാറക്കല്ലുകളിൽ ജിപിഎസ് ഘടിപ്പിക്കുന്നു. കല്ലുകളുടെ ചലനത്തെ നിരീക്ഷിക്കുവാനായിരുന്നു ജിപിഎസ് കല്ലുകളിൽ ഘടിപ്പിച്ചത്. കുറച്ചു വർഷം കല്ലുകളുടെ സ്ഥാനത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. എന്നാൽ 2013 ൽ കല്ലുകൾ പതിയെ ചലിക്കാൻ തുടങ്ങി. 9 മുതൽ 16 അടി വരെ ദൂരം പാറക്കൂട്ടങ്ങൾ നിരങ്ങിയതായി കണ്ടെത്തിയിരുന്നു.
എന്നാൽ ചലിക്കുന്ന കല്ലുകൾക്ക് പിന്നിലെ പ്രതിഭാസത്തിന് വിശദികരണം നാസ നൽകിയിരുന്നു. മഞ്ഞുകാലത്ത് കല്ലിന്റെ പുറംഭാഗത്തായി ഈര്‍പ്പം മാറി നേരിയ മഞ്ഞുപാളികള്‍ രൂപപ്പെടാറുണ്ട്. ഈ സമയം തടാകത്തിന്റെ അടിത്തട്ട് മഞ്ഞും ഈര്‍പ്പവും നിറഞ്ഞ് ചെളി പരുവമായിട്ടുണ്ടാവും. പ്രദേശത്തെ ശക്തമായ കാറ്റ് കൂടി ഇടപെടുന്നതോടെ കല്ലുകള്‍ നേര്‍ത്ത മഞ്ഞുപാളികളുടെ സഹായത്തില്‍ നിരങ്ങി നീങ്ങും. സൂര്യന്‍ ഉദിച്ച് മഞ്ഞ് ഉരുകിയാൽ ചലനം അവസാനിക്കുകയും ചെയ്യുമെന്നും. മഞ്ഞും ജലാംശവും സൂര്യതാപവും കാറ്റും എല്ലാം കൃത്യമായി ഒത്തുചേരുമ്പോൾ മാത്രമാണ് ഈ പാറക്കല്ലുകൾ ചലിക്കുന്നത്. 1,500 അടി നീങ്ങിയ കല്ലും, മിനിറ്റിൽ അഞ്ചു മീറ്റർ വരെ സഞ്ചരിച്ച കല്ലുകളും ഇവിടെയുണ്ട്.