
1968 ജൂലൈ, അതൊരു വേനൽ അവധിക്കാലമായിരുന്നു. അമേരിക്കയിലെ അതിവിശാലമായ മിഷിഗൺ തടാകം. അവധിക്കാലം ചിലവഴിക്കാൻ മിഷിഗൺ തടാകത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ഏറെയാണ്. മിഷിഗൺ തടാകത്തിന് സമീപതായി വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജുകൾ ഉണ്ട്. തങ്ങളുടെ വേനൽ അവധികാലം ചിലവഴിക്കുവാനായി ഏതാനം പെൺകുട്ടികൾ അവിടേക്ക് എത്തുന്നു. സംഘത്തിന് തങ്ങുവാൻ ഒരു കോട്ടേജ് അവിടെ ഒരുക്കിയിരുന്നു. സംഘം കോട്ടേജിനുള്ളിൽ പ്രവേശിച്ചത് മുതൽ എവിടെനിന്നോ രൂക്ഷമായ ദുർഗന്ധം വമിക്കുന്നു. നേരം വൈകുംതോറും ദുർഗന്ധം അസഹനീയമായി തീർന്നു. നേരെ ഒന്ന് ശ്വാസം എടുക്കാൻ പോലും കഴിയാത്ത അവസ്ഥ. ദുർഗന്ധത്തിന്റെ ഉറവിടം തങ്ങളുടെ കോട്ടേജ് അല്ല എന്ന് സംഘത്തിന് വ്യക്തമായി, അതോടെ വിവരം കോട്ടേജിലെ കാര്യസ്ഥനെ അറിയിക്കുന്നു. (Robison Family Murder)
എന്തെങ്കിലും കാട്ടുമൃഗം ചത്തുകിടക്കുന്നത് ആകും, എന്ന് പറഞ്ഞു കൊണ്ട് കാര്യസ്ഥൻ ദുർഗന്ധം എവിടെ നിന്നാണ് വരുന്നത് എന്ന് അറിയാൻ അന്വേഷണം തുടങ്ങി. അങ്ങനെ കാര്യസ്ഥന്റെ അന്വേഷണം അയാളെ കൊണ്ടെത്തിച്ചത് പെൺകുട്ടികൾ താമസിക്കുന്ന കോട്ടേജിൽ നിന്നും കുറച്ചു അകലെയുള്ള മറ്റൊരു കോട്ടേജിലായിരുന്നു. അവിടെ നിന്നുമായിരുന്നു ദുർഗന്ധം വമിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ എന്തോ പന്തികേട് തോന്നിയ കാര്യസ്ഥൻ പതിയെ ആ കോട്ടേജ് ലക്ഷ്യമാക്കി നടന്നു. കോട്ടേജിന്റെ ജനൽ ചില്ലുകൾ തകർന്നിരിക്കുന്നു. അയാൾ പതിയെ ആ വിടവിലൂടെ അകത്തേക്ക് നോക്കുന്നു. അകത്തേക്ക് നോക്കിയ കാര്യസ്ഥൻ അകെ ഞെട്ടുന്നു. പ്രാണികളെ കൊണ്ട് പൊതിഞ്ഞ, പാതിയോളം അഴുക്കി ഒരു മനുഷ്യ ശരീരം. തന്റെ മുന്നിൽ കണ്ട കാഴ്ച്ചയിൽ അകെ ഭയഭീതനായ കാര്യസ്ഥൻ വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുന്നു.
സംഭവ സ്ഥലത്ത് എത്തിയ പോലീസ് കോട്ടേജിനുള്ളിൽ പ്രവേശിക്കുന്നു. ആ കോട്ടേജിനുള്ളിൽ കടന്ന പോലീസിനെ കാത്തിരുന്നത് പാതിയോളം അഴുക്കിയ ആറു ശവശരീരങ്ങളായിരുന്നു. കോട്ടേജിൽ നിന്നും ആരോ ഉള്ളിൽ അതിക്രമിച്ച് കടന്നതിന്റെ എല്ലാ ലക്ഷണങ്ങളും. ഒറ്റനോട്ടത്തിൽ തന്നെ കൊലപാതകം എന്ന് വ്യക്തം. കൊല്ലപ്പെട്ടിരിക്കുന്നത് റോബിസൺ കുടുംബത്തിലെ ആറു പേർ. റിച്ചാർഡ് റോബിസണും അയാളുടെ ഭാര്യ ഷേർലിയും ഇരുവരുടെയും നാലു മക്കളായ സൂസൻ (8), റാണ്ടി (12), ഗാരി (16), റിച്ചി (19) എന്നിവരുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
1950 കളുടെ മധ്യത്തിൽ റോബിസൺ ആർ. സി. റോബിസൺ & അസോസിയേറ്റ്സ് എന്ന പേരിൽ ഒരു ചെറിയ പരസ്യ ഏജൻസി സ്ഥാപിക്കുകയും അത് നടത്തിവരികയായിരുന്നു. ഈ കൊല്ലത്തെ വേനൽ അവധി ചിലവഴിക്കുവാനാണ് റിച്ചാർഡ് കുടുംബത്തോടൊപ്പം മിഷിഗണിൽ എത്തുന്നത്. മൂന്ന് ആഴ്ച മിഷിഗണിൽ തങ്ങണം. ഇതായിരുന്നു റോബിസൺ കുടുംബം മുൻകൂട്ടി നിശ്ചയിച്ചത്. എന്നാൽ കുടുംബത്തിന്റെ കണക്കുകൾ പിഴച്ചു. കാലത്തിന്റെ കറുത്ത കരങ്ങൾ ആ കുടുംബത്തെ ചിന്നഭിന്നമാക്കി. ജൂൺ 16 നായിരുന്നു കുടുംബം മിഷിഗണിൽ എത്തുന്നത്.
തുടർ പരിശോധനയ്ക്കായി പോലീസ് ശവശരീരങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നു. മൃതദേഹങ്ങൾക്ക് മൂന്ന് ആഴ്ചയോളം പഴക്കം ഉണ്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ 25 ന് വൈകുന്നേരം ഏകദേശം 4:30 ന് റിച്ചാർഡിനെ അവസാനമായി കണ്ടതായി ചില ദൃസാക്ഷികൾ മൊഴി നൽകുന്നു. ജൂൺ 25 ന് ശേഷം ആ കുടുംബത്തിലെ ആരെയും കണ്ടിട്ടില്ല. അങ്ങനെയെങ്കിൽ കൊലപാതകം അരങ്ങേറിയത് ജൂൺ 25 രാത്രിയോടെയാകും എന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേരുന്നു. അപ്പോഴും പോലീസിന് മുന്നിൽ നിഗമനങ്ങളും, ഊഹങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകം നടന്ന കോട്ടേജിൽ നിന്നും പ്രതിയിലേക്ക് നയിക്കുന്ന യാതൊരു തുമ്പും പോലീസിന് ലഭിച്ചില്ല. അതിവിതക്തമായി ആസൂത്രണം ചെയ്ത കൂട്ടക്കൊല. ആ കുടുംബത്തിലെ ആറുപേരും കൊല്ലപ്പെട്ടത് സമാന രീതിയിൽ. കൃത്യം തലയ്ക്ക് വെടിയേറ്റാണ് ആ കുടുംബം കൊല്ലപ്പെട്ടിരിക്കുന്നത്.
പോലീസിന്റെ അനുമാനം അനുസരിച്ച് ഇരുട്ടിൽ പതുങ്ങിയിരുന്ന കൊലയാളി ആദ്യം വീട്ടിനുള്ളിൽ നിന്ന റിച്ചാർഡിനെ വെടിവച്ചു കൊല്ലുന്നു.റിച്ചാർഡിനെ വക വരുത്തിയ ശേഷം കൊലയാളി കോട്ടേജിനുള്ളിൽ അതിക്രമിച്ച് കടക്കുന്നു, ശേഷം കോട്ടേജിൽ ഉണ്ടായിരുന്ന റിച്ചാർഡിന്റെ കുടുംബത്തെയും സമാന രീതിയിൽ തന്നെ കൊലപ്പെടുത്തുന്നു. എന്നാൽ റിച്ചാർഡിനെ കൊലപ്പെടുത്തിയ ശേഷവും കൊലയാളി ഒരു ചുറ്റിക്ക കൊണ്ട് പ്രഹരം ഏൽപ്പിച്ചിരിക്കുന്നു. റിച്ചാർഡിന്റെ എട്ടുവയസുള്ള മകളുടെ അവസ്ഥയും സമാനം. ആ കുഞ്ഞിന്റെ ശരീരത്തിലെ എല്ലുകൾ ചുറ്റിക കൊണ്ട് പൂർണമായും അടിച്ചു തകർത്തിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പലരെയും ചോദ്യം ചെയുന്നു. എന്നാൽ പോലീസിന് കുറ്റവാളിയെ കണ്ടെത്തുവാൻ സാധിച്ചില്ല. അങ്ങനെ വർഷങ്ങളോളം അന്വേഷണം നീണ്ടു പോകുന്നു. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ റോബിസൺ കുടുംബത്തിന്റെ കൊലപാതം പേപ്പറുകളിൽ മാത്രം ഒതുങ്ങി. കൊലപാതകം അരങ്ങേറി അഞ്ച് ദശാബ്ദങ്ങൾക്ക് ഇപ്പുറവും റോബിസൺ കുടുംബത്തിന്റെ കൊലയാളി ഇരുട്ടിൽ തന്നെ വിഹരിക്കുന്നു.