
യു.എസ്: ഹോളിവുഡിലെ ‘ഗോൾഡൻ ബോയ്’എന്നറിയപ്പെട്ടിരുന്ന പ്രമുഖ നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89)അന്തരിച്ചു. അമേരിക്കയിലെ യൂത്ത് പ്രവിശ്യയിലെ പ്രോവോയിലെ വസതിയിലായിരുന്നു അന്ത്യം. മികച്ച സംവിധായകനുള്ള ഓസ്കർ കരസ്ഥമാക്കിയിട്ടുണ്ട്. 1960കളിൽ ഹോളിവുഡിൽ ശ്രദ്ധേയമായ പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1962 ൽ പുറത്തിറങ്ങിയ ‘വാർ ഹണ്ട്’ ആയിരുന്നു ആദ്യ ചിത്രം. അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഫോറസ്റ്റ് ടക്കറുടെ ജീവചരിത്രം പറയുന്ന ‘ദി ഓൾഡ് മാൻ ആൻഡ് ഗൺ’(2018) ആണ് മുഴുനീള വേഷത്തിലഭിനയിച്ച അവസാന ചിത്രം. 1980 ൽ ‘ഓർഡിനറി പീപ്ൾ’ വഴി സംവിധാന രംഗത്തേക്കും ചുവടുവച്ചു. ഈ ചിത്രത്തിന് മികച്ച സംവിധാനത്തിനുള്ള ഓസ്കർ ലഭിച്ചു. പത്ത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
2002 ൽ, ഓസ്കർ സമിതി സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിച്ചിരുന്നു. 2019 ൽ, വെനീസ് ചലച്ചിത്രോത്സവത്തിൽ ‘ഗോൾഡൻ ലയൺ’ പുരസ്കാരവും ലഭിച്ചു. ലോല വാൻ ആയിരുന്നു ആദ്യ ഭാര്യ. സംവിധായകൻ ജെയിംസ് റെഡ് ഫോർഡ്, നടി ആമി ഹാട്ട് റെഡ്ഫോർഡ് എന്നിവരടക്കം നാല് മക്കളുണ്ട്.