

ചില കെട്ടിടങ്ങൾ കേവലം ഇഷ്ടികയും കല്ലും മണ്ണും മാത്രമല്ല, അവ ഭൂതകാലത്തിന്റെ ജീവനുള്ള സ്മാരകങ്ങളാണ്. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള വെസ്റ്റ് പാം ബീച്ചിലെ റിഡിൽ ഹൗസ് (Riddle House) അത്തരത്തിൽ ചരിത്രത്തിന്റെയും നിഗൂഢതകളുടെയും സംയോജനമാണ്. എഡ്വേർഡിയൻ വാസ്തുവിദ്യയുടെ ചാരുത പ്രകടമാക്കുന്ന റിഡിൽ ഹൗസ് ഒരു സാധാരണ വീടില്ല. അസാധാരണമായ പ്രേത കഥകൾ ഉറങ്ങുന്ന ദുരാത്മാക്കളുടെ വീടാണ്. ഇന്ന് ഫ്ലോറിഡയിലെ ഏറ്റവും ഭയാനകമായ ഇടങ്ങളിൽ ഒന്നാണ് റിഡിൽ ഹൗസ്. ആത്മാക്കളുടെ പറുദീസ എന്ന അറിയപ്പെടുന്ന ഈ വീട്ടിലേക്ക് ഒരു യാത്ര പോയാലോ.
1905-ലാണ് റിഡിൽ ഹൗസ് എന്ന വീട് വെസ്റ്റ് പാം ബീച്ചിൽ നിർമ്മിക്കപ്പെടുന്നത്. ഹെൻറി ഫ്ലാഗ്ലറുടെ ഹോട്ടൽ നിർമ്മാണ തൊഴിലാളികൾ ബാക്കിവന്ന തടികൊണ്ടാണ് ഈ വീട് നിർമ്മിച്ചത്. 'ഗേറ്റ്കീപ്പേഴ്സ് കോട്ടേജ്' എന്നായിരുന്നു ആദ്യ കാലങ്ങളിൽ ഈ വീടിന്റെ പേര്. പ്രദേശത്തെ വുഡ്‌ലോൺ സെമിത്തേരിയുടെ മേൽനോട്ടത്തിലായിരുന്നു ഈ വീട്. വീട് എന്ന പറയുമ്പോൾ കാഴ്ച്ചയിൽ മാത്രമാണ് റിഡിൽ ഹൗസ് ഒരു വീടായി തോന്നുക, വാസ്തവത്തിൽ അത് ഒരു വീടല്ല. വുഡ്‌ലോൺ സെമിത്തേരിയുടെ പ്രധാന ഭാഗമായിരുന്നു റിഡിൽ ഹൗസ്. ഈ വീട് ആദ്യ കാലങ്ങളിൽ ശവസംസ്‌കാര കേന്ദ്രമായിരുന്നു. ഇത് കൂടാതെ മരണപ്പെട്ടവരുടെ ശവശരീരങ്ങൾ പൊതുദർശനത്തിനായി റിഡിൽ ഹൗസ് ഉപയോഗിച്ചിരുന്നു.
ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടവരുടെ ശവശരീരങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. വുഡ്‌ലോൺ സെമിത്തേരി നോക്കി നടത്തിയിരുന്ന സൂക്ഷിപ്പുകാരന്റെ വസതി കൂടിയായിരുന്നു ഈ വീട്. തുടക്കാലം മുതലേ ഈ വീടിനെ ചുറ്റിപറ്റി മരണത്തിന്റെ ഗന്ധം പടർന്നിരുന്നു. 1920-ൽ വെസ്റ്റ് പാം ബീച്ചിലെ ആദ്യത്തെ സിറ്റി മാനേജരായിരുന്ന കാൾ റിഡിൽ ഈ വീട് വാങ്ങിയതോടെയാണ് ഇതിന് 'റിഡിൽ ഹൗസ്' എന്ന പേര് ലഭിക്കുന്നത്. കാൾ റിഡിൽ നിന്നും പലരു ഈ വീട് വാങ്ങി, പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. അപ്പോഴെല്ലാം ഈ വീട്ടിൽ താമസിച്ചിരുന്ന മനുഷ്യരെ ഈ വീട്ടിലെ ആത്മാക്കൾ വേട്ടയാടി.
അമാനുഷികതയുടെ കഥകൾ
റിഡിൽ ഹൗസിനെ ഫ്ലോറിഡയിലെ ഏറ്റവും ഭൂതബാധയുള്ള വീടുകളിൽ ഒന്നായാണ് ഈ വീടിനെ കണക്കാക്കുന്നത്. വീടിന്റെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണ്ണമായ സംഭവം കാൾ റിഡിലിൻ്റെ കാലത്താണ് അരങ്ങേറുന്നത്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിൽപ്പെട്ട ജോസഫ് എന്ന തൊഴിലാളി വീടിന്റെ മച്ചിൽ തൂങ്ങിമരിക്കുന്നു. ജോസഫിന്റെ ആത്മാവ് ഇപ്പോഴും അവിടെ അലഞ്ഞുനടക്കുന്നുണ്ടെന്നാണ് വിശ്വാസം. പുരുഷന്മാരോട് തീരെ താൽപര്യമില്ലാത്ത ഒരു ദുരാത്മാവാണ് ജോസഫിന്റേത് എന്നാണ് പറയപ്പെടുന്നത്. ജോസഫിന്റെ ആത്മാവ് ചിലപ്പോഴൊക്കെ പുരുഷന്മാരെ ഉപദ്രവിക്കാറുണ്ടെന്നും പറയപ്പെടുന്നു.
കൂടാതെ, മച്ചിൽ മൈക്കിൾ എന്ന കുട്ടിയുടെ ആത്മാവ്, അടുക്കളയിൽ അസംതൃപ്തയായ ഒരു സ്ത്രീയുടെ ആത്മാവ് എന്നിവയടക്കം മറ്റ് ചില അദൃശ്യ സാന്നിധ്യങ്ങളെയും ഈ വീട് സന്ദർശിച്ചവർക്ക് അനുഭപ്പെട്ടിട്ടുണ്ടത്രെ. അജ്ഞാത ശബ്ദങ്ങൾ, സാധനങ്ങൾ തനിയെ തെറിച്ചുവീഴുന്നത്, ലൈറ്റുകൾ തനിയെ അണയുകയും തെളിയുകയും ചെയ്യുന്നത് തുടങ്ങി നിരവധി അമാനുഷിക അനുഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇത് നേരിൽ കണ്ടവരും ഏറെ എന്നാണ് പറയെപ്പെടുന്നത്.
ഈ വീടിന്റെ ഏറ്റവും കൗതുകകരമായ വസ്തുത, ഈ വീട് പുരുഷന്മാരോട് അത്ര സൗഹൃദപരമല്ല എന്നതാണ്. ചില പര്യവേഷണങ്ങളിൽ, വീടിനുള്ളിൽവെച്ച് പുരുഷന്മാർക്ക് നേരെ അക്രമാസക്തമായ അനുഭവങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. എന്നാൽ, സ്ത്രീകൾക്ക് ഈ വീട് താരതമ്യേന സുരക്ഷിതമാണ്. ഒരുപക്ഷെ ജോസഫിന്റെ പ്രേതമാകും പുരുഷന്മാരെ വേട്ടയാടുന്നത്.
പല കൈകളിലൂടെ കടന്നുപോയ ശേഷം, 1980-കളിൽ പാം ബീച്ച് അറ്റ്ലാന്റിക് കോളേജ് ഈ വീട് വിദ്യാർത്ഥികൾക്കുള്ള ഡോർമിറ്ററിയായി ഉപയോഗിക്കാൻ ആരംഭിച്ചു. ശേഷം പലരും ഈ വീട്ടിൽ തങ്ങി. എന്നാൽ ഈ വീട്ടിൽ താമസിച്ച ആർക്കും ഈ വീടിനെ കുറിച്ച് പറയാൻ അത്രനല്ല അനുഭവങ്ങൾ അല്ല ഉണ്ടായിരുന്നത്. പല തവണ ഈ വീട് പൊളിക്കാൻ വേണ്ടി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എപ്പോഴൊക്കെ ഈ വീട് തകർക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ആ ശ്രമം പരാജയപ്പെട്ടു. ഒന്നിക്കിൽ യന്ത്രങ്ങൾ തകരാറിലാകും, അല്ലെങ്കിൽ തൊഴിലാളിക്ക് പരിക്കേൽക്കും, തീപിടുത്തം ഉണ്ടാകും, അതുമല്ലെങ്കിൽ ഉപകരണങ്ങൾ അപ്രത്യക്ഷമാകും. തങ്ങളുടെ വാസസ്ഥലം പൊളിക്കുന്നത് ഇഷ്ട്ടപ്പെടാത്ത ആത്മാക്കളുടെ ചെയ്തികളാണ് ഇതൊക്കെയെന്നാണ് പലരും പറയുന്നത്. അങ്ങനെ അല്ല, ഇത് എല്ലാം വെറും യാദൃശ്ചികം മാത്രം എന്നും പറയുന്നവർ ഏറെയാണ്.
ഒടുവിൽ, വീട് നശിപ്പിക്കുന്നതിനുപകരം, അതിന്റെ ചരിത്രവും പ്രേതങ്ങളും സംരക്ഷിക്കുന്നതിനായി, 1995-ൽ ഈ വീട് അതിന്റെ യഥാർത്ഥ സ്ഥലത്തു നിന്ന് ഘട്ടംഘട്ടമായി യെസ്റ്റർഇയർ വില്ലേജ് മ്യൂസിയത്തിലേക്ക് മാറ്റി. സ്ഥലംമാറ്റത്തിനു ശേഷവും, ചുമരുകൾക്കും, മതിലുകൾക്കും, ഓർമ്മകൾക്കുമൊപ്പം ആത്മാക്കൾ സഞ്ചരിക്കുന്നതുപോലെ, അമാനുഷിക പ്രവർത്തനങ്ങൾ തുടർന്നു. റിഡിൽ ഹൗസ് ഫ്ലോറിഡയുടെ ചരിത്രത്തിന്റെയും അവിശ്വസനീയമായ അമാനുഷിക കഥകളുടെയും ഒരു നേർക്കാഴ്ചയാണ്. സാഹസികതയും ചരിത്രകഥകളും ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും സമ്മാനിക്കുക. റിഡിൽ ഹൗസിലെ പ്രേതങ്ങളെ നേരിൽ കാണുവാനായി ഇവിടേക്ക് ഒട്ടനവധി സഞ്ചാരികളാണ് എത്തുന്നത്. ഗോസ്റ്റ് അഡ്വഞ്ചേഴ്സ് പോലുള്ള നിരവധി അന്താരാഷ്ട്ര പര്യവേഷണ പരിപാടികൾ ഈ വീടിൽ അവതരിപ്പിച്ചിട്ടുണ്ട്.
The Riddle House, an Edwardian-era home built in 1905, is located in Yesteryear Village at the South Florida Fairgrounds and is considered one of the most haunted places in Florida. Originally serving as the Gatekeeper's Cottage for Woodlawn Cemetery, it was later owned by city manager Karl Riddle, its namesake.