

ടെഹ്‌റാൻ: ഇറാനിൽ ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ താഴെയിറക്കാൻ വിപ്ലവകരമായ ആഹ്വാനവുമായി നാടുകടത്തപ്പെട്ട മുൻ കിരീടാവകാശി റെസ പഹ്‌ലവി (Reza Pahlavi). നഗരകേന്ദ്രങ്ങൾ പിടിച്ചെടുക്കാനും എണ്ണ, ഗതാഗത മേഖലകളിലെ തൊഴിലാളികൾ പണിമുടക്കി രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് ഒടിക്കാനും അദ്ദേഹം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക സന്ദേശം പങ്കുവെച്ചത്.
ഭരണകൂടത്തിന്റെ ഭീഷണികളെ അവഗണിച്ച് വെള്ളിയാഴ്ച തെരുവിലിറങ്ങിയ ജനലക്ഷങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. "നിങ്ങളുടെ സാന്നിധ്യം കണ്ട് ഭരണാധികാരികൾ ഭയന്ന് വിറയ്ക്കുകയാണ്. ഇനി വെറുതെ തെരുവിലിറങ്ങിയാൽ മാത്രം പോരാ, നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കണം. ശനിയാഴ്ചയും ഞായറാഴ്ചയും (ജനുവരി 10, 11) വൈകുന്നേരം 6 മണിക്ക് ദേശീയ ചിഹ്നങ്ങളുമായി തെരുവിലിറങ്ങി പൊതു ഇടങ്ങൾ കൈവശപ്പെടുത്തണം," പഹ്‌ലവി ആഹ്വാനം ചെയ്തു. എണ്ണ, വാതക, ഊർജ്ജ മേഖലകളിലെ തൊഴിലാളികൾ സമരത്തിൽ പങ്കുചേരുന്നതോടെ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ സംവിധാനങ്ങൾ തകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ 22 പ്രവിശ്യകളിലായി ഇതിനോടകം 116 പ്രക്ഷോഭങ്ങൾ രേഖപ്പെടുത്തിയതായി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ആയിരത്തിലധികം ആളുകൾ പങ്കെടുത്ത 20 വൻ റാലികളും ഉൾപ്പെടുന്നു. പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 65 കടന്നതായാണ് ഏറ്റവും പുതിയ വിവരം. രാജ്യമുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലരും 'സ്റ്റാർലിങ്ക്' വഴി വിവരങ്ങൾ പുറംലോകത്തെ അറിയിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള ആഗോള ശക്തികൾ ഇറാനിലെ നരനായാട്ടിനെ ശക്തമായി അപലപിച്ചു.
Exiled Crown Prince Reza Pahlavi has urged Iranians to escalate their protests by seizing city centers and launching nationwide strikes in the oil and energy sectors to topple the clerical regime. With over 65 deaths reported and protests spreading across 22 provinces, the movement has become the most significant political challenge to the Islamic Republic in decades. Despite a total internet blackout, world leaders have joined in condemning the violent crackdown and praising the bravery of the Iranian citizens.