ദോഹ : ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അടിയന്തര അറബ് – ഇസ്ലാമിക് ഉച്ചകോടി ചേരും. ഉച്ചകോടിക്ക് ഖത്തര്‍ ആതിധേയത്വം വഹിക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് ഉച്ചകോടി നടക്കുക.ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തോട് ഏതുരീതിയിൽ തിരിച്ചടിക്കണമെന്ന് തീരുമാനിക്കാനാണ് ഉച്ചകോടി.
ഇസ്രയേലിനോടുള്ള പ്രതികരണം അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാകണം എന്നത് ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ തന്നെ ലോക രാജ്യങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.
അതേ സമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസ് ബന്ദികളാക്കിയവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുവെന്നും സമാധാനത്തിനുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കിയെന്നും ഷെയ്ഖ് അല്‍ താനി വ്യക്തമാക്കി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച ഇസ്രയേലി നേതാവിനെ 'നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിഎന്‍എന്നിലെ ബെക്കി ആന്‍ഡേഴ്സണുമായുള്ള അഭിമുഖത്തിലാണ് ഷെയ്ഖ് അല്‍ താനി ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.