വാഷിങ്ടൺ: ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് പറഞ്ഞ ട്രംപ്, നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ ഈ പ്രതികരണം.(Ready to save Christian people, Trump expresses concern over massacre in Nigeria)
മുസ്‌ലിം, ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലെ അക്രമങ്ങൾ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തി.
"നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്.അതിനാൽ ഞാൻ നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യമായി' പ്രഖ്യാപിക്കുന്നു. എന്നാൽ ഇത് ഏറ്റവും കുറഞ്ഞ നടപടി മാത്രമാണ്. നൈജീരിയയിൽ സംഭവിക്കുന്നത് പോലെ ക്രിസ്ത്യാനികളോ അത്തരം ഏതെങ്കിലും വിഭാഗമോ കൊന്നൊടുക്കപ്പെടുമ്പോൾ, എന്തെങ്കിലും ചെയ്‌തേ മതിയാകൂ!" ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണ്, സന്നദ്ധരാണ്, കഴിവുള്ളവരാണ്!" ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. "ചെയർമാൻ ടോം കോളിനും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിക്കുമൊപ്പം കോൺഗ്രസുകാരനായ റൈലി മൂറിനോടും ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് തരാൻ ഞാൻ ആവശ്യപ്പെടുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് യു.എസ്. കോൺഗ്രസിൽ മൊഴി നൽകി ദിവസങ്ങൾക്കുള്ളിൽ നൈജീരിയൻ ബിഷപ്പിൻ്റെ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.