ജീവിച്ചിരിക്കുമ്പോൾ ചെയ്ത എല്ലാ തെറ്റുകൾക്കും മനുഷ്യന് മരണ ശേഷം വിചാരണ നേരിടേണ്ടി വരുന്നു, എന്നാൽ, മരണപ്പട്ട മനുഷ്യന്റെ ശവശരീരത്തെ വിചാരണ ചെയ്ത വിചിത്രമായ ന്യായവിധിയെക്കുറിച്ച് കേട്ടിട്ടുണ്ടോ; അറിയാം ചരിത്രത്തിലെ ഏറ്റവും ഭീകരമായ ന്യായവിധിക്കുറിച്ച് | Putting a Dead Pope on Trail

Putting a Dead Pope on Trail
Published on

ചരിത്രത്തിലെ ചില അധ്യായങ്ങൾ പരിശോദിക്കുമ്പോൾ മനുഷ്യർ പല വിധത്തിലുള്ള വിചാരണകൾ നേരിടുന്ന കഥകൾ കാണുവാൻ സാധിക്കുന്നതാണ്. അധികാരത്തിൻ്റെയും നീതിയുടെയും വേദിയിൽ, ജീവനുള്ള മനുഷ്യരാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ദൈവിക വിചാരണ നേരിടുന്നു എന്ന വിശ്വാസം ഏറെ പ്രസിദ്ധമാണ്. ജീവിച്ചിരിക്കുമ്പോൾ ചെയ്ത എല്ലാ തെറ്റുകൾക്കും മനുഷ്യന് മരണ ശേഷം വിചാരണ നേരിടേണ്ടി വരുന്നു. എന്നാൽ, മരണപ്പട്ട മനുഷ്യന്റെ ശവശരീരത്തെ വിചാരണ ചെയ്ത വിചിത്രമായ ന്യായവിധിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഇത് 1,128 വർഷങ്ങൾക്ക് മുൻപ് റോമിൽ ഒരു പോപ്പിന്റെ ശവശരീരത്തെ വിചാരണ നടത്തിയ കഥയാണ്. ക്രിസ്തീയ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടായ ഈ സംഭവം 'ശവശരീര സിനഡ്' (Cadaver Synod) എന്ന് അറിയപ്പെടുന്നു.

ക്രിസ്തീയ സഭയുടെ ചരിത്രത്തിൽ, പകയും രാഷ്ട്രീയ വൈര്യവും അതിന്റെ ഏറ്റവും ക്രൂരമായ രൂപം പൂണ്ട ഒരു ദിനമായിരുന്നു എ.ഡി. 897 ജനുവരി. പകയുടെയും രാഷ്ട്രീയ വൈര്യത്തിൻ്റെയും ഏറ്റവും ഭീകരമായ ഒരദ്ധ്യായം തുറന്നിട്ട റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസലിക്കയിൽ ഒരു കോടതി മുറി ഒരുങ്ങി. ഒമ്പത് മാസത്തോളം പഴക്കം വരുന്ന പോപ്പ് ഫോർമോസസിന്റെ (Pope Formosus) ശവശരീരം കുഴിമാടത്തിൽ നിന്നും പുറത്തെടുത്ത് വിചാരണ ചെയ്യപ്പെട്ടു. (Putting a Dead Pope on Trail)

വിചിത്രമായ വിചാരണക്ക് പിന്നിലെ കഥ

891 മുതൽ 896 വരെ കത്തോലിക്കാ സഭയുടെ തലവനായിരുന്നു പോപ്പ് ഫോർമോസസ്. പോപ്പ് ഫോർമോസസിന്റെ കാലത്ത് റോമിൽ ശക്തമായ രാഷ്ട്രീയ ചേരിപ്പോരുകളും തർക്കങ്ങളും നിലനിന്നിരുന്നു. വിശുദ്ധ റോമാ സാമ്രാജ്യത്തിലെ അധികാര വടംവലികൾ പരസ്യമായിരുന്ന കാലമായിരുന്നു അത്. അന്നത്തെ, റോമാസാമ്രാജ്യ ചക്രവർത്തിയായിരുന്ന ലാംബെർട്ട് ഓഫ് സ്പൊലെറ്റോയെ (Lambert of Spoleto) എതിർത്തതും, എതിർചേരിയിലുള്ള കാർലോലിയൻ ചക്രവർത്തിയായ അർണൾഫ് ഓഫ് കാരിന്തിയയെ പിന്തുണച്ചതോടെയാണ് പോപ്പിന് എതിരാളികൾ ഏറിവന്നത്. ലാംബെർട്ട് ഓഫ് സ്പൊലെറ്റോയെ റോമാസാമ്രാജ്യ ചക്രവർത്തിയായി ആദ്യം വാഴ്ത്തിയത് പോപ്പ് ഫോർമോസസ് തന്നെയായിരുന്നു.

896 ഏപ്രിൽ ഫോർമോസസ് മരണപ്പെടുന്നു. ഫോർമോസസിൻ്റെ മരണശേഷം എതിർചേരിക്കാർ അധികാരം പിടിച്ചെടുക്കുന്നു. അങ്ങനെ പോപ്പ് സ്റ്റീഫൻ ആറാമൻ (Pope Stephen VI), റോമൻസാമ്രാജ്യത്തിന്റെ പുതിയ പോപ്പായി സ്ഥാനമേൽക്കുന്നു. അത്രയും നാൾ ഉള്ളിൽ ഒതുക്കിവച്ചിരുന്ന രാഷ്ട്രീയ വൈരം തീർക്കാനായി സ്റ്റീഫൻ ആറാമൻ കണ്ടെത്തിയ മാർഗ്ഗമാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിചാരണയിലേക്ക് വഴിവച്ചത്.

ശവശരീരത്തിനായി വിചാരണ

897 ജനുവരി, പോപ്പ് ഫോർമോസസ് മരണപ്പെട്ട ഒമ്പത് മാസത്തോളം കഴിഞ്ഞിട്ടുണ്ട്. സ്റ്റീഫൻ ആറാമന്റെ ഉത്തരവപ്രകാരം, വിചാരണക്കായി ഫോർമോസസിന്റെ കല്ലറ വീണ്ടും തുറക്കുന്ന ശവശരീരം പുറത്തെടുക്കുന്നു. തുടർന്ന്, ജീർണിച്ചു തുടങ്ങിയ ആ മൃതദേഹം, പോപ്പ് സ്ഥാനവസ്ത്രങ്ങൾ അണിയിച്ച് സിംഹാസനത്തിൽ ഇരുത്തി. ഫോർമോസസിന് വേണ്ടി വാദിക്കാൻ ഒരു ശെമ്മാശ്ശനെ ചുമതലപ്പെടുത്തി.

ഫോർമോസസിന് എതിരെ വിചാരണാ വേളയിൽ, പോപ്പ് സ്റ്റീഫൻ ആറാമൻ ഉന്നയിച്ച കുറ്റങ്ങൾ ഇവയൊക്കെയായിരുന്നു- ഒരു പോപ്പ് ഒരു രൂപതയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ പാടില്ല എന്ന കാനോൻ നിയമത്തിന്റെ ലംഘനം, സഭാകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ മുമ്പ് എടുത്ത സത്യപ്രതിജ്ഞയുടെ ലംഘനം, നിയമവിരുദ്ധമായി മാർപ്പാപ്പ സ്ഥാനം ഏറ്റെടുക്കൽ.

ദേഷ്യത്തോടെ പോപ്പ് സ്റ്റീഫൻ ആറാമൻ ഫോർമോസസിന് എതിരെ ഓരോ കുറ്റങ്ങളും ആരോപിച്ചുകൊണ്ടേയിരുന്നു. എന്നാൽ, ഇതൊന്നും കേൾക്കാനോ കാണണോ കൂട്ടാക്കാതെ ഫോർമോസസിന്റെ ശവശരീരം സിംഹാസനത്തിൽ നിന്നും താഴേക്ക് പലവട്ടം വീണു. ഒടുവിൽ, മുൻകൂട്ടി തീരുമാനിക്കപ്പെട്ടത് പോലെ പോപ്പ് ഫോർമോസസ് കുറ്റക്കാരനാണ് എന്ന് വിധിക്കുന്നു.

മൃതദേഹത്തോടുള്ള ക്രൂരത

പോപ്പ് ഫോർമോസസ് കുറ്റക്കാരനാണ് എന്ന് പ്രഖ്യാപ്പിക്കുന്നു. തൊട്ട് പിന്നാലെ തന്നെ ഫോർമോസസ് ധരിച്ചിരുന്ന സ്ഥാനവസ്ത്രങ്ങൾ ഊരിമാറ്റി സാധാരണ വസ്ത്രം ധരിപ്പിക്കുന്നു. വിശ്വാസികൾക്ക് അനുഗ്രഹം നൽകാൻ ഉപയോഗിച്ചിരുന്ന മൂന്ന് വിരലുകൾ മുറിച്ച് മാറ്റി. പോപ്പ് എന്ന നിലയിലുള്ള ഫോർമോസസിന്റെ എല്ലാ പ്രവർത്തനങ്ങളും, നിയമനങ്ങളും, കിരീടധാരണങ്ങളും അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. എല്ലാ നടപടികൾക്കും ശേഷം പോപ്പ് ഫോർമോസസിന്റെ മൃതദേഹം ടൈബർ നദിയിലേക്ക് വലിച്ചെറിയുന്നു.

മൃതദേഹത്തോടുള്ള ഈ ക്രൂരത റോമിലെ ജനങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു പോപ്പ് തന്നെ മതമൗലികതയും മനുഷ്യത്വവും ലംഘിച്ചുവെന്ന വസ്തുത പൊതുജന രോഷത്തിന് കാരണമായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നദിയിലേക്ക് വലിച്ചെറിയപ്പെട്ട മൃതദേഹം ഒരു മത്സ്യത്തൊഴിലാളി കരയിൽ കണ്ടെത്തിയെന്നു, അതോടെ ആ മൃതദേഹത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ശക്തിയുണ്ടെന്ന കഥകൾ കാട്ടുതീ പോലെ പരന്നു. ഇത് പൊതുജനവികാരം കൂടുതൽ തീവ്രമാക്കി. ഒരു ജനകീയ പ്രക്ഷോഭത്തിനുശേഷം, പോപ്പ് സ്റ്റീഫൻ ആറാമനെ അധികാരികൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. താമസിയാതെ അദ്ദേഹത്തെ ജയിലിൽ കഴുത്തുഞെരിച്ച് ആരോ കൊലപ്പെടുത്തി.

തുടർന്നുള്ള പോപ്പുകൾ പോപ്പ് ഫോർമോസസിന്റെ വിചാരണയുടെ വിധി റദ്ദാക്കി, നടപടികൾ സാധുവാണെന്ന് പ്രഖ്യാപിക്കുന്നു. പോപ്പ് ഫോർമോസസിന്റെ ഭൗതികാവശിഷ്ടങ്ങൾ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വീണ്ടും സംസ്കരിച്ചു.

സഭാ ചരിത്രത്തിലെ ഈ ഇരുണ്ട അധ്യായം അക്കാലത്ത് റോമൻ രാഷ്ട്രീയത്തിന്റെ അസ്ഥിരതയും അധികാരത്തിനായുള്ള ഭ്രാന്തമായ ദാഹവും എത്ര ഭയാനകമായിരുന്നു എന്നതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ്.

Summary: During the Cadaver Synod of 897 CE, Pope Stephen VI brought shocking charges against the corpse of Pope Formosus, accusing him of perjury, violating Church law, and unlawfully seizing the papal office. The grotesque trial declared Formosus guilty, annulled his acts, and led to his corpse being desecrated and thrown into the Tiber River. This event remains one of the most macabre symbols of power, vengeance, and corruption in Church history.

Related Stories

No stories found.
Times Kerala
timeskerala.com