വാഷിംഗ്ടൺ: അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുഎസ് പൗരത്വമുള്ള യുവതി വെടിയേറ്റ് കൊല്ലപ്പെട്ടു. പ്രമുഖ കവയിത്രിയും ഗിറ്റാറിസ്റ്റുമായ റെനി നിക്കോൾ ഗുഡ് (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് മിനിയാപൊളിസ് നഗരത്തിൽ വലിയ തോതിലുള്ള പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.(Protests erupt across America over woman's murder)
പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ റെനിയുടെ മുഖത്തേക്ക് നേരിട്ട് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്ന ഇമിഗ്രേഷൻ വകുപ്പിന്റെ വാദം ദൃക്‌സാക്ഷികൾ തള്ളിക്കളഞ്ഞു. റെനിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകിയതോടെ യുഎസ് ഇമിഗ്രേഷൻ വകുപ്പ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
വെർജീനിയയിലെ ഓൾഡ് ഡൊമിനിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിയേറ്റീവ് റൈറ്റിംഗിൽ ബിരുദം നേടിയ റെനി, മികച്ച കവിതയ്ക്കുള്ള സർക്കാർ പുരസ്കാരം നേടിയ വ്യക്തിയാണ്. മൂന്ന് കുട്ടികളുടെ അമ്മയായ റെനി അടുത്തിടെയാണ് മിനിയാപൊളിസിലേക്ക് താമസം മാറിയത്.
"എന്റെ മകൾ ഒരു കുറ്റവാളിയല്ല, അവൾ ഒരു കുറ്റവും ചെയ്തിട്ടില്ല. താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുവെച്ചാണ് ഉദ്യോഗസ്ഥർ അവളെ വെടിവെച്ചത്. മകൾ ഭീകരവാദിയാണെന്ന രീതിയിലുള്ള പ്രചരണം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്." - റെനിയുടെ അമ്മ ഡോണ ഗാഞ്ചർ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ വിന്യസിച്ചിട്ടുള്ള രണ്ടായിരത്തോളം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ വ്യാപകമായ ജനരോഷമാണ് ഉയരുന്നത്. ഒരു കലാകാരിയും അമേരിക്കൻ പൗരയുമായ യുവതി കൊല്ലപ്പെട്ടതോടെ ഇമിഗ്രേഷൻ വകുപ്പിന്റെ നയങ്ങൾക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. റെനിയെ 'ഭീകരവാദി' എന്ന് വിളിച്ച ചില ഉദ്യോഗസ്ഥരുടെ പ്രസ്താവനകൾ പ്രതിഷേധത്തിന് ആക്കം കൂട്ടി.