

പാരീസ്: പാരീസിൽ ലൂവ്ര് മ്യൂസിയത്തിൽ (Louvre Museum) കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സമരം തുടരാൻ ബുധനാഴ്ച ചേർന്ന ജീവനക്കാരുടെ യോഗം ഐകകണ്ഠേന തീരുമാനിച്ചു. ശമ്പള വർദ്ധനവ്, ജോലിഭാരം കുറയ്ക്കുക, കൂടുതൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ കവർച്ചയ്ക്ക് പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം ശക്തമായത്. ഏകദേശം 88 ദശലക്ഷം യൂറോ (ഏകദേശം 800 കോടിയിലധികം രൂപ) വിലമതിക്കുന്ന രാജകീയ ആഭരണങ്ങളാണ് അന്ന് പട്ടാപ്പകൽ മോഷ്ടിക്കപ്പെട്ടത്. മ്യൂസിയത്തിലെ കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെയുണ്ടായ ജലചോർച്ച മൂലം പുരാതനമായ പല പുസ്തകങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
മതിയായ ജീവനക്കാരില്ലാത്തത് അമിത ജോലിഭാരത്തിന് കാരണമാകുന്നുണ്ടെന്നും, മ്യൂസിയം മാനേജ്‌മെന്റ് കൃത്യമായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും യൂണിയനുകൾ ആരോപിക്കുന്നു. മ്യൂസിയം ഡയറക്ടർ ലോറൻസ് ഡെസ് കാർസ് ബുധനാഴ്ച ഫ്രഞ്ച് സെനറ്റിന് മുന്നിൽ ഹാജരായി കവർച്ചയെക്കുറിച്ചും മ്യൂസിയത്തിന്റെ അവസ്ഥയെക്കുറിച്ചും വിശദീകരണം നൽകേണ്ടതുണ്ട്. സമരം നീളുന്നത് ക്രിസ്മസ് വിനോദസഞ്ചാര സീസണിൽ പാരീസിലെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികളെ ബാധിക്കും.
Staff at the Louvre Museum in Paris have voted to extend their strike over pay and poor working conditions, leaving the world-renowned institution closed indefinitely. The protest follows a massive €88 million jewel heist in October and recent infrastructure failures, such as water leaks damaging ancient artifacts. Unions are demanding more hiring and better management to address the museum's deteriorating state. The closure comes at a critical time for tourism as the year-end holiday season approaches.