ഒരു ദന്തഡോക്ടറുടെ 'വവ്വാൽ' ആശയം; ജപ്പാനെ നശിപ്പിക്കാൻ അമേരിക്ക വവ്വാലുകളെ ഉപയോഗിച്ച വിചിത്ര ദൗത്യം | Bat bomb

bat bomb
Published on

ലോകചരിത്രത്തിലെ ഏറ്റവും ഭീകരവും രക്തരൂക്ഷിവുമായ പോരാട്ടമായിരുന്നു രണ്ടാം ലോകമഹായുദ്ധം. കോടിക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടമായ ഈ യുദ്ധത്തിൽ, ശത്രുക്കളെ ഏതുവിധേനയും പരാജയപ്പെടുത്താൻ സഖ്യകക്ഷികൾ, പ്രത്യേകിച്ച് അമേരിക്ക, അവിശ്വസനീയമായ പുതിയ വഴികൾ തേടി. സാധാരണ സൈനിക നീക്കങ്ങൾക്കപ്പുറം, യുദ്ധത്തിന്റെ ഗതി മാറ്റാൻ കഴിയുന്ന രഹസ്യായുധങ്ങൾ വികസിപ്പിക്കാനായി നിരവധി വിചിത്രവും സങ്കീർണ്ണവുമായ പരീക്ഷണങ്ങൾ അമേരിക്ക നടത്തി. സോവ്യറ്റ് യൂണിയന്റെ രഹസ്യങ്ങൾ ചോർത്താൻ പൂച്ചകളെ ചാരന്മാരാക്കി, പ്രാവുകളെ മിസൈൽ വാഹകരാക്കി. ശത്രുവിനെ മുട്ടുകുത്തിക്കാൻ വേറിട്ട പരീക്ഷണങ്ങൾ നടത്താൻ ഒട്ടും മടിയില്ലാത്തവരാണ് അമേരിക്കക്കാർ. ആണവോർജ്ജത്തിന്റെ ചരിത്രം മാറ്റിമറിച്ച മാൻഹട്ടൻ പ്രൊജക്റ്റ് ഉൾപ്പെടെയുള്ള ഈ ഗവേഷണങ്ങളിൽ ചിലത് ലോകപ്രശസ്ത രഹസ്യങ്ങളായി മാറി. (Bat bomb)

സാങ്കേതികവിദ്യയുടെ പരകോടിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, യുദ്ധം ജയിക്കാൻ പ്രകൃതിയിൽ നിന്നുള്ള ഒരു കൂട്ടം ജീവികളെ ഉപയോഗിക്കാനുള്ള അമേരിക്കയുടെ മറ്റൊരു പദ്ധതിതയായിരുന്നു പ്രോജക്റ്റ് എക്സ്-റേ (Project X-ray). ഒരു ദന്തഡോക്ടറുടെ ഭ്രാന്തൻ ആശയം, തീപ്പെട്ടി വലുപ്പത്തിലുള്ള നാപാം ബോംബുകൾ, എന്നിങ്ങനെ അത്ഭുതങ്ങൾ നിറഞ്ഞ ആ പദ്ധതിയുടെ പ്രധാന കഥാപാത്രങ്ങൾ വവ്വാലുകളായിരുന്നു. മരം കൊണ്ട് നിർമ്മിച്ച ജാപ്പനീസ് നഗരങ്ങൾ ചുട്ടെരിക്കാൻ അമേരിക്കൻ സൈന്യം പരിശീലിപ്പിച്ച വവ്വാലുകളുടെ ഞെട്ടിക്കുന്ന കഥയാണിത്.

ഒരു ദന്തഡോക്ടറുടെ 'വവ്വാൽ' ആശയം

ഈ അവിശ്വസനീയമായ ആശയത്തിന് പിന്നിലുള്ള വ്യക്തി ഒരു സൈനിക വിദഗ്ദ്ധനോ ശാസ്ത്രജ്ഞനോ ആയിരുന്നില്ല, മറിച്ച് ഡോ. ലൈറ്റിൽ എസ്. ആഡംസ് എന്ന ദന്തഡോക്ടറായിരുന്നു. 1942-ൽ പേൾ ഹാർബർ ആക്രമണത്തിന് തൊട്ടുപിന്നാലെ, ന്യൂ മെക്സിക്കോയിലെ പ്രശസ്തമായ കാൾസ്ബാഡ് ഗുഹകളിലൂടെ നടക്കുമ്പോൾ, ലക്ഷക്കണക്കിന് മെക്സിക്കൻ സ്വതന്ത്ര വാലുള്ള വവ്വാലുകൾ സന്ധ്യാസമയത്ത് പറക്കുന്നത് അദ്ദേഹം കണ്ടു. ഈ വവ്വാലുകളുടെ അമിതമായ എണ്ണം കണ്ടപ്പോൾ, അവയെ ഒരു സൈനിക ശക്തിയാക്കി മാറ്റാൻ കഴിയുമെന്ന ഭ്രാന്തമായ ആശയം അദ്ദേഹത്തിന് ഉണ്ടായി. ജാപ്പനീസ് നഗരങ്ങളിലെ വീടുകളും കെട്ടിടങ്ങളും മരവും കടലാസും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് ആഡംസിന് അറിയാമായിരുന്നു. സാധാരണ ബോംബുകളെ കൊണ്ട് കെട്ടിടങ്ങളുടെ പുറം മതിലുകൾ മാത്രമേ നശിപ്പിക്കാൻ സാധിക്കു എന്ന്. എന്നാൽ, വവ്വാലുകൾക്ക് തീവ്രമായ തീപിടുത്തങ്ങൾക്ക് കാരണമാകുന്ന ചെറിയ ബോംബുകളുമായി പറന്ന് കെട്ടിടങ്ങൾക്കുള്ളിലും മേൽക്കൂരയിലും കെട്ടിടങ്ങളിലെ നേരിയ വിള്ളലുകളിൽ ആരും കാണാതെ ഒളിക്കാൻ കഴിയും.

ആഡംസിന്റെ ആശയം അസംബന്ധമാണെന്ന് തോന്നിയേക്കാം, എന്നാൽ അതിന്റെ സാധ്യതകൾ അന്നത്തെ അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരെ ആകർഷിച്ചു. പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോൾ, യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് ആഡംസിന്റെ ഈ നൂതന ആശയത്തെ അംഗീകരിച്ചു. ആഡംസിന്റെ ആശയം കേൾക്കുന്ന ഏതൊരു സാധാരണക്കാരനും ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ല. എന്നാൽ, ജപ്പാനെ മലത്തിയടിക്കാൻ ഒരു അവസരം കാത്തിരുന്ന അമേരിക്കയെ സംബന്ധിച്ചടുത്തോളം ആഡംസിന്റെ ആശയം ഒരു വജ്രായുധമായിരുന്നു. അങ്ങനെ യുഎസ് വ്യോമസേനയുടെയും പിന്നീട് മറൈൻ കോർപ്സിന്റെയും ആഭിമുഖ്യത്തിൽ, പ്രോജക്റ്റ് എക്സ്-റേ (Project X-Ray) എന്ന രഹസ്യനാമത്തിൽ ഈ വിചിത്ര ദൗത്യം ആരംഭിച്ചു.

നാപാം നിറച്ച തീപ്പെട്ടി ബോംബുകൾ

പദ്ധതിക്ക് അനുമതി ലഭിച്ചതോടെ, ശാസ്ത്രജ്ഞന്മാർക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർന്നു. കുഞ്ഞൻ വവ്വാലുകൾക്ക് അധിക ഭാരമാകാത്ത രീതിയിൽ, എന്നാൽ വലിയ നാശനഷ്ടമുണ്ടാക്കാൻ ശേഷിയുള്ള ബോംബ് രൂപകൽപ്പന ചെയ്യുക എന്നതായിരുന്നു ഏറ്റവും പ്രധാനവും എന്നാൽ ഏറെ സങ്കിർണവുമായ ദൗത്യവും. പിന്നീട്, നാപാം (Napalm) കണ്ടുപിടിച്ച പ്രമുഖ ഹാർവാർഡ് രസതന്ത്രജ്ഞനായ ലൂയിസ് ഫീസർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അവർ വവ്വാലുകളുടെ നെഞ്ചിൽ ഘടിപ്പിക്കാൻ കഴിയുന്ന, ഒരു തീപ്പെട്ടിയുടെ വലിപ്പമുള്ള ടൈം-ഡിലീഡ് ഇൻസെൻഡിയറി (സമയക്രമത്തിൽ പൊട്ടിത്തെറിക്കുന്ന തീ ബോംബുകൾ) വികസിപ്പിച്ചെടുത്തു. അടുത്തതായി, ലക്ഷക്കണക്കിന് വവ്വാലുകളെ കൈകാര്യം ചെയ്യാനുള്ള ലോജിസ്റ്റിക്സ് ഒരുക്കി. വവ്വാലുകളെ കട്ടിൽ നിന്നും ശേഖരിച്ച്, ശീതീകരിച്ച്, ഹൈബർനേഷനിലാക്കും (ശീതനിദ്ര), ഈ സമയത്താണ് ബോംബുകൾ അവയുടെ ശരീരത്തിൽ ഘടിപ്പിക്കുന്നത്.

ബോംബ് നിറച്ച ആയിരക്കണക്കിന് വവ്വാലുകളെ ഒരു വലിയ ബോംബിന്റെ ആകൃതിയിലുള്ള കണ്ടെയ്നറിൽ പായ്ക്ക് ചെയ്യും. ശേഷം താഴ്ന്ന ഉയരത്തിൽ ഒരു വിമാനത്തിൽ നിന്ന് കണ്ടെയ്നർ പുറത്തുവിടുമ്പോൾ, അത് തുറക്കുകയും വവ്വാലുകൾ പുറത്തുവരികയും ചെയ്യും. ഉറക്കത്തിൽ നിന്ന് ഉണർന്ന വന്ന ശേഷം ഇരുണ്ട സ്ഥലങ്ങൾ തേടി പറക്കുന്ന ഈ വവ്വാലുകൾ, ജപ്പാനിലെ വീടുകളുടെ മര അറകളിലും ഒളിയിടങ്ങളിലും ചേക്കേറും. അവിടെയെത്തിയ ശേഷം നിശ്ചിത സമയം കഴിയുമ്പോൾ ബോംബുകൾ പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് സ്ഥലങ്ങളിൽ ഒരേ സമയം തീയിടും എന്നതായിരുന്നു സൈന്യത്തിന്റെ കണക്കുകൂട്ടൽ.

പ്രോജക്റ്റ് എക്സ്-റേയുടെ ആശയം ഏറെ വിചിത്രമായിരുന്നെങ്കിലും, പ്രായോഗിക തലത്തിൽ വവ്വാലുകളുടെ പെരുമാറ്റമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഹൈബർനേഷനിൽ നിന്ന് കൃത്യസമയത്ത് ഉണരാത്ത വവ്വാലുകൾ പലപ്പോഴും ബോംബുകളോടുകൂടി നിലം പതിക്കുകയോ, ലക്ഷ്യം തെറ്റി പറന്നു പോകുകയോ ചെയ്തു. എങ്കിലും, ഈ പദ്ധതിയുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടത് ആകസ്മികമായി സംഭവിച്ച ഒരു ദുരന്തത്തിലൂടെയാണ്. ന്യൂ മെക്സിക്കോയിലെ കാൾസ്ബാദ് ആർമി എയർഫീൽഡിൽ വെച്ച് നടന്ന ഒരു പരീക്ഷണത്തിനിടെ, ബോംബുകൾ ഘടിപ്പിച്ച ഏതാനം വവ്വാലുകൾ രക്ഷപ്പെട്ടു. അവർ അടുത്തുള്ള എയർഫോഴ്സിന്റെ വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡിലേക്ക് പറന്നു കയറി. നിശ്ചിത സമയമായപ്പോൾ ബോംബുകൾ പൊട്ടിത്തെറിക്കുകയും, ആ ഷെഡ് പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു. വവ്വാൽ ബോംബിന് നാശനഷ്ടമുണ്ടാക്കാൻ കഴിയുമെന്ന് ഈ സംഭവം തെളിയിച്ചെങ്കിലും, ആ തെളിവ് അമേരിക്കൻ സൈന്യത്തിന്റെ സ്വന്തം സ്വത്തിനെ നശിപ്പിച്ചുകൊണ്ടായിരുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമായി നിലനിൽക്കുന്നു.

എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചത്?


ബാറ്റ് ബോംബ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും, ഫ്ലീറ്റ് അഡ്മിറൽ ഏണസ്റ്റ് ജെ. കിംഗ് 1944-ൽ പദ്ധതി അവസാനിപ്പിച്ചു. ഏകദേശം 2 മില്യൺ ഡോളർ ചെലവഴിച്ചിട്ടും, യുദ്ധ ഉപയോഗത്തിന് തയ്യാറാകാൻ കുറഞ്ഞത് 1945 മധ്യമെങ്കിലും എടുക്കുമെന്നതായിരുന്നു പദ്ധതിയുടെ പ്രധാന പോരായ്മ. ഇത് കൂടാതെ, അമേരിക്കയുടെ എല്ലാ സൈനിക ശ്രദ്ധയും വിഭവങ്ങളും കൂടുതൽ വേഗത്തിലും രഹസ്യമായും വികസിപ്പിച്ചുകൊണ്ടിരുന്നതും കൂടുതൽ വിനാശകരവുമായ മറ്റൊരു ആയുധത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. അണുബോംബിന്റെ വരവോടെ, ബാറ്റ് ബോംബിന്റെ വിചിത്രമായ ആശയം തൽക്ഷണം കാലഹരണപ്പെട്ടു, ലോക ചരിത്രത്തിലെ ഏറ്റവും വിചിത്രമായ ആയുധ പരീക്ഷണങ്ങളിലൊന്ന് ഔദ്യോഗികമായി അവസാനിപ്പിച്ചു.

Summary

Project X-Ray was a top-secret U.S. World War II program, inspired by a dentist, that aimed to use thousands of hibernating Mexican free-tailed bats carrying miniature napalm bombs to set fire to Japanese cities built primarily of wood. Despite proving its destructive effectiveness in one accidental test where escaped armed bats burned down a U.S. military hangar, the project suffered from numerous delays and logistical failures. Ultimately, due to high costs, slow progress, and the military's shifting focus toward the faster, more devastating development of the atomic bomb, the bizarre program was canceled in 1944.

Related Stories

No stories found.
Times Kerala
timeskerala.com