ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം തലവേദനയായി: ആൻഡ്രൂ രാജകുമാരൻ്റെ പദവികൾ നീക്കി | Prince Andrew

ആൻഡ്രൂവിന്റെ പെൺമക്കൾക്ക് പദവികൾ നിലനിർത്താൻ സാധിക്കും.
ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം തലവേദനയായി: ആൻഡ്രൂ രാജകുമാരൻ്റെ പദവികൾ നീക്കി | Prince Andrew
Published on

ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെത്തുടർന്ന് ബ്രിട്ടീഷ് രാജവംശത്തിലെ ആൻഡ്രൂ രാജകുമാരന്റെ പദവികളും ബഹുമതികളും നീക്കം ചെയ്യുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ചാൾസ് മഹാരാജാവ് തുടക്കം കുറിച്ചു. ഈ വിവരം ബക്കിംഗ്ഹാം കൊട്ടാരം ഇന്ന് (വെള്ളിയാഴ്ച) ഔദ്യോഗികമായി അറിയിച്ചു. ഇനി മുതൽ ആൻഡ്രൂ രാജകുമാരൻ 'ആൻഡ്രൂ മൗണ്ട്ബാറ്റൻ വിൻഡ്സർ' എന്ന പേരിലായിരിക്കും അറിയപ്പെടുക.(Prince Andrew stripped of royal titles over Jeffrey Epstein scandal)

രാജകൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹം മറ്റൊരു സ്വകാര്യ വസതിയിലേക്ക് മാറും. തനിക്കെതിരായ ആരോപണങ്ങൾ ആൻഡ്രൂ രാജകുമാരൻ നിഷേധിക്കുന്നുണ്ടെങ്കിലും, ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധത്തിൽ വിശദീകരണം നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജകൊട്ടാരം ഈ കടുത്ത നടപടിയുമായി മുന്നോട്ട് പോകുന്നത്.

ആൻഡ്രൂ രാജകുമാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വിർജീനിയ ജിഫ്രേയുടെ മരണാനന്തര ഓർമ്മക്കുറിപ്പായ 'നോബഡീസ് ഗേൾ' പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം വീണ്ടും കത്തിപ്പടർന്നത്. കൗമാരക്കാലത്ത് ആൻഡ്രൂ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജിഫ്രേ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, എപ്സ്റ്റീൻ തന്നെ ലൈംഗിക അടിമയാക്കി പലർക്കും കാഴ്ച്ചവെച്ചതായും അവർ വ്യക്തമാക്കി.

2022-ൽ സിവിൽ കേസിൽ ജിഫ്രേയ്ക്ക് വൻതുക നൽകി ആൻഡ്രൂ ഒത്തുതീർപ്പാക്കിയിരുന്നു. തന്റെ ദുരനുഭവങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞിട്ടും പിന്തുണ ലഭിച്ചിട്ടും വിഷാദത്തിൽ നിന്ന് മുക്തയാകാൻ കഴിയാതെ ഈ വർഷം ഏപ്രിൽ മാസത്തിൽ ജിഫ്രേ ജീവനൊടുക്കുകയായിരുന്നു.

"എല്ലാത്തരം ദുരുപയോഗങ്ങൾക്ക് ഇരയായവരോടും അതിജീവിച്ചവരോടുമൊപ്പം തങ്ങളുടെ ചിന്തകളും പരിപൂർണ്ണമായ സഹതാപവും എപ്പോഴുമുണ്ടായിരിക്കും എന്ന് വ്യക്തമാക്കാൻ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നു," ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രസ്താവന കൂട്ടിച്ചേർത്തു. അതേസമയം, ആൻഡ്രൂവിന്റെ പെൺമക്കൾക്ക്പദവികൾ നിലനിർത്താൻ സാധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com