അതിർത്തി അടച്ചു; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു | Pakistan

പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ചു
അതിർത്തി അടച്ചു; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും അവശ്യ വസ്തുക്കളുടെ വില കുതിച്ചുയരുന്നു | Pakistan
Published on

ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അതിർത്തി അടച്ചത് ഇരു രാജ്യങ്ങളുടെയും വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നതോടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ ദുരിതത്തിലായി. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പാകിസ്ഥാനിൽ തക്കാളിയുടെ വില അഞ്ചിരട്ടിയായി വർധിച്ചു.(Prices of essential commodities soar in Pakistan and Afghanistan)

സംഘർഷം തുടങ്ങിയശേഷം എല്ലാ വ്യാപാരവും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഓരോ ദിവസവും ഇരുവിഭാഗത്തിനും ഏകദേശം ഒരു മില്യൺ ഡോളറിന്റെ (ഏകദേശം 8.3 കോടി ഇന്ത്യൻ രൂപ) നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് വിവരം.

വിലക്കയറ്റം രൂക്ഷം

പഴങ്ങൾ, പച്ചക്കറികൾ, ധാതുക്കൾ, മരുന്നുകൾ, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള 2.3 ബില്യൺ ഡോളറിന്റെ വാർഷിക വ്യാപാരത്തിൽ പ്രധാനമായും ഉൾപ്പെടുന്നത്.

പാകിസ്ഥാനിൽ തക്കാളിയുടെ വില 400 ശതമാനത്തിലധികം ഉയർന്ന് കിലോയ്ക്ക് ഏകദേശം 600 പാകിസ്ഥാൻ രൂപയായി ($2.13). അഫ്ഗാനിസ്ഥാനിൽ നിന്ന് വരുന്ന ആപ്പിളിനും വില കുതിച്ചുയരുകയാണ്. കയറ്റുമതിക്കായി തയ്യാറാക്കിയ ഏകദേശം 500 കണ്ടെയ്‌നർ പച്ചക്കറികൾ കെട്ടിക്കിടന്ന് കേടാകുകയാണ്.

അതിർത്തിയുടെ ഇരുവശത്തുമായി ഏകദേശം 5,000 കണ്ടെയ്‌നർ സാധനങ്ങൾ കുടുങ്ങിക്കിടക്കുന്നു. വിപണിയിൽ തക്കാളി, ആപ്പിൾ, മുന്തിരി എന്നിവയ്ക്ക് ഇതിനോടകം ക്ഷാമം നേരിട്ടുതുടങ്ങി. അതേസമയം, പാകിസ്ഥാൻ വാണിജ്യ മന്ത്രാലയം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചർച്ചകൾ തുടരുന്നു

കഴിഞ്ഞ വാരാന്ത്യത്തിൽ ഖത്തറും തുർക്കിയും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചിരുന്നെങ്കിലും അതിർത്തി വ്യാപാരം ഇതുവരെ പുനരാരംഭിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകൾ ഒക്ടോബർ 25-ന് ഇസ്താംബൂളിൽ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com