

വാഷിംഗ്ടൺ: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടെ ഫെഡറൽ ഏജന്റുമാർ നടത്തുന്ന വെടിവെപ്പുകൾ രാജ്യത്തെ കടുത്ത സംഘർഷത്തിലേക്ക് നയിക്കുന്നു (Portland Border Patrol Shooting). മിനസോട്ടയിൽ യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ, ഒറിഗണിലെ പോർട്ട്ലാൻഡിൽ അതിർത്തി രക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു പുരുഷനും സ്ത്രീക്കും പരിക്കേറ്റു. ഇതോടെ രണ്ട് ദിവസത്തിനിടെ രണ്ട് വെടിവെപ്പുകളാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
മിനസോട്ടയിൽ കൊല്ലപ്പെട്ട 37-കാരിയായ റെനി നിക്കോൾ ഗുഡ് എന്ന യുവതിയുടെ മരണത്തിൽ പ്രതിഷേധം ഇരമ്പുകയാണ്. അവർ ICE ഏജന്റിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് ഫെഡറൽ ഉദ്യോഗസ്ഥർ ആരോപിക്കുമ്പോൾ, വീഡിയോ ദൃശ്യങ്ങൾ ഇതിന് വിരുദ്ധമാണെന്ന് പ്രാദേശിക ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. ഒറിഗൺ ഗവർണർ ടിന കോട്ടെക് ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ ഫെഡറൽ ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമാണ് ഭരണകൂടം സൃഷ്ടിക്കുന്നതെന്ന് ഗവർണർ കുറ്റപ്പെടുത്തി.
മിനിയാപൊളിസിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നേരിടാൻ നാഷണൽ ഗാർഡിനെ സജ്ജമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട റെനി ഗുഡ് മൂന്ന് കുട്ടികളുടെ അമ്മയാണെന്നും അവർ ഐസ് ഏജന്റുമാരുടെ പ്രവർത്തനം നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയുടെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം ആവശ്യമാണെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്.
Tensions are escalating across the U.S. following a second shooting involving federal agents in two days. After the fatal shooting of Renee Nicole Good in Minnesota, a Border Patrol agent wounded two people in Portland, Oregon, during a traffic stop. Democratic governors and mayors are demanding the withdrawal of federal forces, accusing the Trump administration of fostering "lawlessness and hate." While federal officials claim suspects are increasingly using vehicles as weapons, local investigators in Minnesota complain of being shut out of the inquiry, further deepening the rift between state and federal authorities.