15 സെക്കൻഡ് കൊണ്ട് മരിച്ച് വീണത് 12 പേർ, 18 മണിക്കൂർ നീണ്ട നരനായാട്ട്; 35 പേരുടെ ജീവൻ കവർന്ന മാർട്ടിൻ ബ്രയന്റ് എന്ന കൊലയാളിയും അയാളുടെ വികലമായ ചിന്തകളും; ഓസ്‌ട്രേലിയയെ നടുക്കിയ പോർട്ട് ആർതർ കൂട്ടക്കൊല | Port Arthur massacre

ഭീതിയുടെ 18 മണിക്കൂർ; 35 ജീവനുകൾ കവർന്ന പോർട്ട് ആർതറിലെ കൂട്ടക്കൊല
Port Arthur massacre
Updated on

സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിൽ അടുത്തിടെ അരങ്ങേറിയ ഭീകരാക്രമണം ഓസ്‌ട്രേലിയൻ ജനതയെ വീണ്ടും നടുക്കത്തിന്റെ അന്ധകാരത്തിലേക്ക് തള്ളിവിട്ടു. ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന വെടിവെപ്പിൽ പിഞ്ചുകുഞ്ഞ് അടക്കം പതിനഞ്ച് പേർക്കാണ് ജീവൻ നഷ്ടമായത്. ഓസ്‌ട്രേലിയ ദശാബ്ദങ്ങളായി കാത്തുസൂക്ഷിച്ച സുരക്ഷിതബോധത്തെ തന്നെ തകർത്തെറിഞ്ഞു ഈ ഭീകരാക്രമണം. ബോണ്ടി ബീച്ചിൽ ഒരച്ഛനും മകനും നടത്തിയ നരനായാട്ട് ഓസ്‌ട്രേലിയൻ ജനതയെ ഓർമ്മിപ്പിക്കുന്നത് 29 വർഷം മുൻപ് നടന്ന പോർട്ട് ആർതർ കൂട്ടക്കൊലയെയാണ് (Port Arthur massacre).

പോർട്ട് ആർതർ കൂട്ടക്കൊല

1996 ഏപ്രിൽ 28, അതൊരു ഞായറാഴ്ച ആയിരുന്നു. ടാസ്മാനിയയിലെ ഏറെ പ്രശസ്തമായ പോർട്ട് ആർതർ. കുട്ടികളുടെ കളിയും ചിരിയും നിറഞ്ഞ മണൽപ്പരപ്പ്. പൊടുന്നനെ ആ ചിരികൾ നിലവിളിയായി മാറി. പോർട്ട് ആർതറിൽ മാർട്ടിൻ ബ്രയന്റ് (Martin Bryant) എന്ന 28-കാരൻ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചുവീഴ്ത്തി. അതീവ പ്രഹരശേഷിയുള്ള .223 കാലിബർ കോൾട്ട് AR-15 സെമി-ഓട്ടോമാറ്റിക് റൈഫിളും .308 കാലിബർ L1A1 സെൽഫ് ലോഡിംഗ് റൈഫിളും ഉപയോഗിച്ചായിരുന്നു ബ്രയന്റ് മരണം വിതച്ചത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കുന്ന അത്യന്തം മാരകമായ ആയുധങ്ങളായിരുന്നു ഇവ.

ആക്രമണത്തിന്റെ തുടക്കം പോർട്ട് ആർതറിലെ 'സീസ്‌കേപ്പ്' എന്ന ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു. ഗസ്റ്റ് ഹൗസിന്റെ ഉടമക്കളായിരുന്നു വൃദ്ധ ദമ്പതികളായിരുന്നു ബ്രയന്റെ ആദ്യ ഇരകൾ. ദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് പോർട്ട് ആർതറിലെ ഓരോ കഫേയിലേക്കും ബ്രയന്റ് എത്തുന്നത്. കഫേയിൽ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ ബ്രയന്റ് തുരുതുരാ വെടിയുതിർത്തു. 15 സെക്കൻഡുകൾക്കുള്ളിൽ 12 പേർ കൊല്ലപ്പെട്ടു. പിന്നീട് കാർ പാർക്കിലേക്കും കടൽതീരത്തേക്കും പാഞ്ഞു, തന്റെ മുന്നിൽപ്പെട്ടവരെയെല്ലാം അവൻ വെടിവെച്ചിട്ടു. രണ്ട് ചെറിയ കുട്ടികളുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു അമ്മയെയും ആ കുഞ്ഞുങ്ങളെയും അയാൾ ദാക്ഷിണ്യമില്ലാതെ കൊലപ്പെടുത്തിയത് ഓസ്‌ട്രേലിയ ഇന്നും പേടിയോടെയാണ് ഓർക്കുന്നത്.

മണിക്കൂറുകൾ നീണ്ടു നിന്ന നരനായാട്ടിന് ശേഷം ബ്രയന്റ് തിരികെ സീസ്‌കേപ്പ് ഗസ്റ്റ് ഹൗസിലേക്ക് ഓടിക്കയറി. അവിടെ മൂന്ന് പേരെ അയാൾ ബന്ദികളാക്കി. തുടർന്ന് മണിക്കൂറുകൾ നീണ്ട പോരാട്ടമായിരുന്നു ലോകം കണ്ടത്. ആക്രമിയെ പിടികൂടാൻ പോലീസ് തങ്ങളെ കൊണ്ട് കഴിയുന്ന മാർഗ്ഗങ്ങൾ എല്ലാം തന്നെ നോക്കി. ഏകദേശം 18 മണിക്കൂർ നീണ്ടുനിന്ന പോരാട്ടം. പോലീസുമായി ചർച്ച നടത്താൻ വിസമ്മതിച്ച ബ്രയന്റ് ഇടയ്ക്കിടെ പോലീസിന് നേരെ വെടിയുതിർത്തുകൊണ്ടിരുന്നു. ഒരു രാത്രി മുഴുവൻ ബ്രയന്റ് ബന്ദികളുമായി ആ ഗസ്റ്റ് ഹൗസിൽ തന്നെ തുടർന്നു.

തൊട്ട് അടുത്ത ദിവസം, ഏപ്രിൽ 29-ന് രാവിലെ ബ്രയന്റ് ഗസ്റ്റ് ഹൗസിന് തീയിട്ടു. എന്നാൽ ആളിപ്പടർന്ന തീ ബ്രയന്റ് ശരീരത്തിലേക്ക് പടർന്നു കയറി. ശരീരത്തിൽ പൊള്ളലേറ്റ ബ്രയന്റ് അലറിക്കൊണ്ട് കെട്ടിടത്തിന് പുറത്തേക്ക് ഓടി. അക്രമിയെ കീഴ്പ്പെടുത്താൻ ഒരു അവസരം കാത്തുനിന്ന പോലീസ് ബ്രയന്റ്നെ ബലം പ്രയോഗിച്ച് കീഴപ്പെടുത്തി. എന്നാൽ ബന്ദികളാക്കി വച്ചിരുന്ന മൂന്ന്പേരെയും ബ്രയന്റ് കൊലപ്പെടുത്തിയിരുന്നു.

കൂട്ടക്കൊലക്ക് പിന്നിലെ പ്രതികാരത്തിന്റെ കഥ

ബ്രയന്റിന്റെ ഭീകരമായ ഈ പ്രവർത്തിക്ക് പിന്നിൽ വൈരാഗ്യത്തിന്റെയും വികലമായ മാനസികാവസ്ഥയുടെയും സങ്കീർണ്ണതകൾ നിറഞ്ഞിരുന്നു. പ്രധാനമായും, പോർട്ട് ആർതറിന് സമീപമുള്ള 'സീസ്‌കേപ്പ്' എന്ന ഗസ്റ്റ് ഹൗസ് ബ്രയന്റിന്റെ പിതാവിന് വാങ്ങാൻ കഴിയാതെ പോയതിലുള്ള കടുത്ത പ്രതികാരബുദ്ധി അയാളെ വേട്ടയാടിയിരുന്നു. ആക്രണമണം നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് സീസ്‌കേപ്പ് സ്വന്തമാക്കാൻ ബ്രയന്റിന്റെ പിതാവ് വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നാൽ സീസ്‌കേപ്പ് മറ്റൊരു വൃദ്ധ ദമ്പതികൾ സ്വന്തമാക്കി. സീസ്‌കേപ്പ് വാങ്ങാൻ കഴിയാത്ത ദുഃഖത്തിൽ 1993 ബ്രയന്റിന്റെ പിതാവ് ആത്മഹത്യ ചെയ്‌തു.

അതോടെ തന്റെ പിതാവിന്റെ മരണത്തിന് കാരണം ആ ദമ്പതികളാണെന്ന് ബ്രയന്റ് വിശ്വസിച്ചു. പിതാവിന്റെ മരണത്തിൽ പ്രതികാരം ചെയ്യണം എന്ന വല്ലാത്തൊരു ചിന്ത ആ യുവാവിന്റെ മനസ്സിൽ ഇടം പിടിച്ചു. അങ്ങനെ ഏറെ നാളായി കാത്തിരുന്ന ദിവസം ഏപ്രിൽ 29 ആണ് എന്ന് അവൻ ഉറപ്പിച്ചു. ബുദ്ധിപരമായ വൈകല്യങ്ങളും മാനസിക പ്രശ്നങ്ങളും അലട്ടിയിരുന്ന ബ്രയന്റ്, തനിക്ക് ലഭിച്ച വലിയൊരു തുക ഉപയോഗിച്ച് ആയുധങ്ങൾ ശേഖരിക്കുകയായിരുന്നു. അങ്ങനെ ആക്രമണം സീസ്‌കേപ്പിൽ നിന്നും ആരംഭിച്ചു. ബുദ്ധിപരമായ പരിമിതികളും ഒറ്റപ്പെടലും അനുഭവിച്ചിരുന്ന ബ്രയന്റിന് താൻ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു 'പ്രശസ്തനായ' വ്യക്തിയാകണമെന്ന വികലമായ ആഗ്രഹവുമുണ്ടായിരുന്നു. സ്കോട്ട്ലൻഡിലെ ഡൺബ്ലെയ്ൻ കൂട്ടക്കൊലയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിരുന്ന ബ്രയന്റിന് അതിനേക്കാൾ വലിയൊരു ദുരന്തം സൃഷ്ടിച്ച് ചരിത്രത്തിൽ ഇടംപിടിക്കാനാണ് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.

പോർട്ട് ആർതർ കൂട്ടക്കൊലയുടെ ആഘാതം ഓസ്‌ട്രേലിയൻ സമൂഹത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചു. വെടിയേറ്റു മരിച്ചവരിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളും നാട്ടുകാരും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ജോൺ ഹോവാർഡ് 'നാഷണൽ ഫയർആംസ് അഗ്രിമെന്റ്' (NFA) രൂപീകരിച്ചു. സെമി-ഓട്ടോമാറ്റിക് തോക്കുകൾ നിരോധിക്കുകയും ലക്ഷക്കണക്കിന് ആയുധങ്ങൾ ജനങ്ങളിൽ നിന്ന് തിരിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്തു. ഈ നിയമപരിഷ്കാരം ആഗോളതലത്തിൽ തന്നെ തോക്ക് നിയന്ത്രണത്തിനുള്ള ഏറ്റവും വലിയ മാതൃകയായി ഇന്നും ലോകം വിലയിരുത്തുന്നു.

പിടിക്കപ്പെട്ട മാർട്ടിൻ ബ്രയന്റ് തന്റെ കുറ്റങ്ങൾ സമ്മതിച്ചു. കോടതി ഇയാൾക്ക് 35 ജീവപര്യന്തം തടവും 1,035 വർഷം അധിക തടവും വിധിച്ചു. പരോൾ ലഭിക്കാത്ത വിധം മരണം വരെ ജയിലിൽ കഴിയാനായിരുന്നു വിധി. നിലവിൽ ടാസ്മാനിയയിലെ റിസ്ഡൺ ജയിലിൽ അതീവ സുരക്ഷാ വിഭാഗത്തിൽ ബ്രയന്റ് തടവിലാണ്. പുറംലോകവുമായോ വാർത്തകളുമായോ യാതൊരു ബന്ധവുമില്ലാതെ, ഏകാന്ത തടവിൽ കഴിയുന്ന ഇയാൾ പലതവണ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

Summary

The 1996 Port Arthur massacre remains Australia's darkest modern tragedy, where Martin Bryant used high-powered semi-automatic rifles to kill 35 people following a personal vendetta and a desire for infamy. After an intense 18-hour police standoff at a guesthouse, Bryant was captured and sentenced to 35 consecutive life terms without the possibility of parole. This event serves as the foundation for Australia’s strict gun laws, a legacy currently being revisited following the recent 2025 terror attack at Bondi Beach.

Related Stories

No stories found.
Times Kerala
timeskerala.com