

വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ നാടകീയമായ സൈനിക നീക്കങ്ങൾക്കും ഭരണഘടനാ പ്രതിസന്ധിക്കുമിടയിൽ, അക്രമം വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ മാർപ്പാപ്പ ലോകരാഷ്ട്രങ്ങളോടും വെനസ്വേലൻ ജനതയോടും ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണം. ഭരണഘടനാനുസൃതമായ നിയമവാഴ്ചയും പൗരാവകാശങ്ങളും ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഓരോ വ്യക്തിയുടെയും മനുഷ്യാവകാശങ്ങൾ ബഹുമാനിക്കപ്പെടണം. രാഷ്ട്രീയ താൽപ്പര്യങ്ങളേക്കാൾ ഉപരിയായി ജനങ്ങളുടെ നന്മയ്ക്കായിരിക്കണം മുൻഗണന.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന വെനസ്വേലയിലെ ദരിദ്ര ജനവിഭാഗങ്ങളെ വിസ്മരിക്കരുത്. അവർക്കായി പ്രത്യേക പ്രാർത്ഥനയും സഹായവും ഉണ്ടാകണം. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. നീതിയുടെയും സമാധാനത്തിന്റെയും പാതയിലൂടെ മാത്രമേ വെനസ്വേലയ്ക്ക് മുന്നോട്ട് പോകാൻ കഴിയൂ.
വെനസ്വേലയിലെ ജനതയ്ക്കായി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും മാർപ്പാപ്പ അഭ്യർത്ഥിച്ചു. അമേരിക്കൻ സൈനിക നീക്കത്തെത്തുടർന്ന് രാജ്യം കടുത്ത സംഘർഷഭരിതമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് വത്തിക്കാന്റെ ഈ ഇടപെടൽ.