വാഷിങ്ടൺ: തീരുവ സംബന്ധിച്ച കോടതി വിധിയിൽ പ്രകോപിതനായി ഡോണാൾഡ് ട്രംപ്. തീരുവ വർധനവിന്റെ നിയമസാധുതയെ ചോദ്യം ചെയ്ത ഫെഡറൽ കോടതി വിധിക്കെതിരെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ ജൂഡീഷ്യറിയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ പ്രേരിതവും അവിശ്വസനീയവുമാണ് കോടതി വിധി. ട്രംപ് വിരോധം മാത്രമാണ് ഇത്തരമൊരു വിധിക്ക് പിന്നിലെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ ട്രംപ് ആരോപിച്ചു.
തീരുവ വർധനവ് നടപ്പിലാക്കുന്നതിൽ ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്ന യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധിക്കെതിരെയാണ് ട്രംപിന്റെ നടപടി. വിധി വന്ന് ഒരു ദിവസം തികയുന്നതിന് മുമ്പ് തന്നെ ഫെഡറൽ സർക്യൂട്ടിനായുള്ള യുഎസ് കോർട്ട് ഓഫ് അപ്പീൽ വിധി സ്റ്റേ ചെയ്തിരുന്നു.
തീരുവ വർധിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം അധികാര ദുർവിനിയോഗമാണെന്നും അനുമതിയില്ലാതെ അധിക തീരുവ ചുമത്താനുള്ള അധികാരം ട്രംപിനില്ലെന്നും യുഎസിലെ ഫെഡറൽ കോടതിയായ മാൻഹാട്ടൻ അന്താരാഷ്ട്ര വ്യാപാര കോടതി പറഞ്ഞിരുന്നു. 10 ദിവസത്തിനുള്ളിൽ നികുതി ചുമത്തിയ നടപടി പിൻവലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.