ചിറ്റഗോങ്: ബംഗ്ലാദേശിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തുടരുന്നു. നാഷണൽ സിറ്റിസൺസ് പാർട്ടി തൊഴിലാളി നേതാവ് എം.ഡി. മുത്തലിബ് ഷിക്ദാറിന് നേരെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. തലയ്ക്ക് വെടിയേറ്റ ഇദ്ദേഹത്തെ അതീവ ഗുരുതരാവസ്ഥയിൽ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Political killings and instability in Bangladesh continue to unfold)
എൻസിപിയുടെ തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവാണ് മുത്തലിബ് ഷിക്ദാർ. ഖുൽന നഗരത്തിൽ നടത്താനിരുന്ന ഡിവിഷണൽ തൊഴിലാളി റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ 11.45-ഓടെ ഖുൽനയിലെ സൊനാഡംഗ ഏരിയയിലുള്ള ഒരു വീട്ടിൽ വെച്ചാണ് ഷിക്ദാറിന് വെടിയേറ്റത്. ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ധാക്കയിൽ വെച്ച് ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷിക്ദാറിന് നേരെയും ആക്രമണമുണ്ടാകുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഉസ്മാൻ ഹാദി. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിലുടനീളം വലിയ തോതിലുള്ള അക്രമസംഭവങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും തുടരുകയാണ്. ഇതിനിടെയുണ്ടായ ഷിക്ദാറിനെതിരായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.