ഒർലാൻഡോ: അമേരിക്കയിലെ ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുണൈറ്റഡ് എയർലൈൻസിന്റെ എയർബസ് 321 വിമാനം അപകടത്തിൽപ്പെട്ടു. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ രണ്ട് ചക്രങ്ങളിൽ ഒന്ന് ഊരിത്തെറിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 200 യാത്രക്കാരും ആറ് ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.(Plane's wheel falls off during landing in Orlando)
റൺവേയിൽ തൊട്ടയുടനെ ചക്രം വേർപെട്ടതോടെ വിമാനം നിയന്ത്രണം വിട്ട് തെന്നിയെങ്കിലും, മനഃസാന്നിധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി നിർത്താൻ പൈലറ്റുമാർക്ക് സാധിച്ചു. മുൻവശത്തെ രണ്ടാമത്തെ ചക്രം തെറിച്ചുപോകാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
വിമാനം റൺവേയിൽ നിശ്ചലമായ ഉടൻ തന്നെ അടിയന്തര വാതിലുകളിലൂടെ യാത്രക്കാരെ പുറത്തെത്തിച്ചു. ഇവരെ ബസുകളിൽ വിമാനത്താവള ടെർമിനലിലേക്ക് മാറ്റി. സംഭവസമയത്ത് മണിക്കൂറിൽ 54 മൈൽ വേഗത്തിൽ കാറ്റും ശക്തമായ മഴയും തണുപ്പുമുണ്ടായിരുന്നു.