സാൻ ഡീഗോ: എൻജിൻ തകരാറിലായതിനെ തുടർന്ന് ചെറിയ സ്വകാര്യ വിമാനം കടലിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയായി സാൻ ഡീഗോയിലെ മിഷൻ ബീച്ചിൽ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.(Plane makes emergency landing on San Diego beach)
ഓഷ്യൻസൈഡ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന സെസ്ന വിമാനം, കടൽത്തീരത്തിന് ഏകദേശം 800 അടി മുകളിൽ വെച്ചാണ് എൻജിൻ തകരാറിലായത്. വാണിജ്യ വിമാനങ്ങൾ പറത്തി രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള പൈലറ്റായ വിക്ടർ ഷൈനഡറാണ് വിമാനം പറത്തിയിരുന്നത്. വിക്ടറും ഫ്ലൈറ്റ് അറ്റൻഡൻ്റായ മകൾ ജെനിഫർ ഷൈനഡറും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.
സുരക്ഷിത ലാൻഡിംഗ് ടേക്ക് ഓഫ് ചെയ്ത് ഏകദേശം 20 മിനിറ്റിനുള്ളിലാണ് എൻജിൻ നിലച്ചത്. എൻജിൻ പുനഃരാരംഭിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ, സുരക്ഷിതമായ ലാൻഡിംഗിനായി ആളൊഴിഞ്ഞ കടൽത്തീരത്തേക്ക് വിമാനം ഗ്ലൈഡ് ചെയ്ത് ഇറക്കാൻ ഷൈനഡർ തീരുമാനിക്കുകയായിരുന്നു. "ആരെയും ഇടിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ഭാഗ്യവശാൽ, ബീച്ചിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവർ പരസ്പരം അകലം പാലിച്ചാണ് നിന്നിരുന്നത്," ഷൈനഡർ പറഞ്ഞു.
വിമാനം ലാൻഡ് ചെയ്ത രീതി അത്ഭുതകരമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. "ഇതുപോലെ സുഗമമായ ഒരു ലാൻഡിംഗ് ജീവിതത്തിൽ കണ്ടിട്ടില്ല," എന്നാണ് ഒരാൾ പ്രതികരിച്ചത്.
അപകടവിവരമറിഞ്ഞ് അഗ്നിശമന സേന, പോലീസ്, ലൈഫ് ഗാർഡുകൾ എന്നിവർ ഉടൻ സ്ഥലത്തെത്തി. ഇന്ധന ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ അനുമതിയോടെ വിമാനം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.