കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിലെ വിമാനാപകടത്തിൽ ഏഴ് പേർ കൊല്ലപ്പട്ടു. അപകടത്തിൽ 11 ലേറെ പേർക്ക് പരിക്കേറ്റു. കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാർഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നാണ് അപകടമുണ്ടായത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. വ്യവസായ മേഖലയിലേക്കാണ് കാർഗോ വിമാനം തകർന്ന് വീണത്. ഇത് വലിയ രീതിയിൽ മേഖലയിൽ അഗ്നിബാധയ്ക്ക് കാരണമായിരുന്നു. വൈകുന്നേരം 5.15ഓടെയാണ് മക്ഡൊണൽ ഡഗ്ലസ് എം ഡി 11 എന്ന കാർഗോ വിമാനം മൂന്ന് ക്യാബിൻ അംഗങ്ങളുമായി തകർന്നത്.
ഹോണോലുലുവിലേക്ക് പുറപ്പെട്ടതായിരുന്നു ഈ വിമാനം. വിമാനം ഇടിച്ച് വീണ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലും ജീവനക്കാർ ഉണ്ടായിരുന്നു. ഇവരിൽ മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു.വിമാനത്തിലെ ജീവനക്കാർ എല്ലാവരും മരിച്ചു. 34 വർഷം പഴക്കമുള്ള എംഡി 11 ഫ്രെയ്റ്റർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ബോയിം ഗ് എംഡി 11 ഏറ്റെടുത്ത സമയത്ത് ഇത്തരം വിമാനങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു.