അങ്കാറ: ഔദ്യോഗിക സന്ദർശനത്തിനായി തുർക്കിയിലെത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദ് വിമാനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി അങ്കറയിലെ എസൻബോഗ വിമാനത്താവളത്തിൽ നിന്ന് മടക്കയാത്രയ്ക്കായി പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. ജനറൽ ഹദ്ദാദിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മറ്റ് നാല് ഉന്നത ഉദ്യോഗസ്ഥരും മൂന്ന് ജീവനക്കാരും അപകടത്തിൽ മരിച്ചതായാണ് വിവരം.(Plane crash, Libyan military commander dies in Turkey)
രാത്രി 8.10-ന് അങ്കറയിൽ നിന്ന് പറന്നുയർന്ന വിമാനം ഏകദേശം 40 മിനിറ്റോളം കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമായി. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായതായും അടിയന്തര ലാൻഡിംഗിന് അനുമതി തേടിയതായും തുർക്കി അധികൃതർ അറിയിച്ചു. അങ്കാറയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഹൈമാന മേഖലയിലെ കെസിക്കാവക് ഗ്രാമത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
തുർക്കി പ്രതിരോധ മന്ത്രി യാസർ ഗുലറുമായും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷം ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് മടങ്ങുകയായിരുന്നു ഹദ്ദാദും സംഘവും. ഹദ്ദാദിന്റെ മരണം ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സൈനിക മേഖലയെ ഒന്നിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഹദ്ദാദ് എന്ന് അദ്ദേഹം അനുസ്മരിച്ചു.