വാഷിങ്ടൺ: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുറത്ത്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ് എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ 'ലിറ്റിൽ സെയിന്റ് ജെയിംസി'ലെ പത്ത് ഫോട്ടോകളും നാല് വീഡിയോകളും പുറത്തുവിട്ടത്.(Photos of Jeffrey Epstein's private island released)
'പെഡോഫൈൽ ദ്വീപ്' എന്നറിയപ്പെടുന്ന ഈ ദ്വീപിലേക്ക് എപ്സ്റ്റീൻ നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. ഒട്ടേറെ പ്രമുഖരും ഇയാളുടെ ദ്വീപിലേക്ക് യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ 2020-ൽ പകർത്തിയതാണെന്നാണ് യു.എസ്. മാധ്യമങ്ങളുടെ റിപ്പോർട്ട്.
എപ്സ്റ്റീന്റെ വസതിയിലെ കിടപ്പുമുറികൾ, ടെലിഫോൺ മുറി, വിവിധ മുറികളിലെ ചുമരുകളുടെ ചിത്രങ്ങൾ എന്നിവയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ഡെന്റൽ ചെയർ അടക്കമുള്ള ഫർണിച്ചറുകളും ചുമരുകളിൽ തൂക്കിയിട്ട മുഖംമൂടികളും ആഡംബര കിടപ്പുമുറികളും ദൃശ്യങ്ങളിൽ കാണാം.