

മനില: ഫിലിപ്പീൻസിൽ (Philippines) അഴിമതി ആരോപണത്തെ തുടർന്ന് രണ്ടു മന്ത്രിമാർ രാജിവച്ചു. കോടിക്കണക്കിന് ഡോളറിൻ്റെ സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്യുകയും നിലവിലില്ലാത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉൾപ്പെടുകയും ചെയ്ത അഴിമതി വിവാദം രൂക്ഷമായതിനെത്തുടർന്നാണ് മന്ത്രിമാരുടെ രാജി. പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിൻ്റെ കാബിനറ്റിലെ രണ്ട് മന്ത്രിമാരാണ് രാജി സമർപ്പിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് സെക്രട്ടറി ലൂക്കാസ് ബെർസാമിൻ, ബഡ്ജറ്റ് ആൻഡ് മാനേജ്മെൻ്റ് സെക്രട്ടറി അമേന പാങ്ങണ്ടമാൻ എന്നിവരാണ് ചൊവ്വാഴ്ച തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചത്. വെള്ളപ്പൊക്ക നിയന്ത്രണത്തിലെ അപാകതകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ തങ്ങളുടെ വകുപ്പുകളുടെ പേരുകൾ പരാമർശിക്കപ്പെട്ടതിനാലാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്. അഴിമതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഭരണകൂടത്തിന് ഈ പ്രശ്നം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ അവസരം നൽകുന്നതിനാണ് രാജി എന്നും പ്രസ് ഓഫീസർ ക്ലെയർ കാസ്ട്രോ പറഞ്ഞു.
അഴിമതി ആരോപണം ഉയർന്ന ജൂലൈ മാസത്തിനുശേഷം മാർക്കോസ് സർക്കാരിനെ നേരിട്ട് ബാധിക്കുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള രാജി ഇതാണ്. അതേസമയം, ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡൻ്റിനെ വിവാദങ്ങളിൽ നിന്ന് അകറ്റി നിർത്താനാണ് കൊട്ടാരം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു. ഈ ആഴ്ച ആദ്യം, മുൻ അപ്രോപ്രിയേഷൻസ് കമ്മിറ്റി മേധാവി സാൽഡി കോ മാർക്കോസിൻ്റെ നിർദ്ദേശപ്രകാരം 170 കോടി ഡോളർ (1.7 ബില്യൺ ഡോളർ) "സംശയാസ്പദമായ പൊതുമരാമത്ത്" പദ്ധതികൾക്കായി ബഡ്ജറ്റിൽ ചേർക്കാൻ ആവശ്യപ്പെട്ടു എന്ന് ആരോപിച്ചിരുന്നു.
വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച പൊതുഫണ്ടുകൾ സ്വകാര്യ കരാറുകാർ വഴി തട്ടിയെടുക്കുകയും നിലവാരം കുറഞ്ഞ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തു എന്ന് പ്രസിഡൻ്റ് മാർക്കോസ് നേരത്തെ സമ്മതിച്ചിരുന്നു. ഇതിനെതിരെ ഫിലിപ്പീൻസിൽ വൻ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്; ഞായറാഴ്ച മാത്രം 5 ലക്ഷം പേർ തലസ്ഥാനമായ മനിലയിൽ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു
Two top Philippine cabinet officials, Executive Secretary Lucas Bersamin and Budget Secretary Amenah Pangandaman, resigned after their departments were implicated in a deepening corruption scandal involving billions of dollars in misused and stolen funds earmarked for flood control infrastructure.