സാൻ ഫ്രാൻസിസ്കോ: സ്‌കൈഡൈവിങിനിടെ ഉണ്ടായ അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ സെപ്റ്റംബറിൽ കെയിൻസിനടുത്ത് നടന്ന അഭ്യാസപ്രകടനത്തിനിടെയാണ് സംഭവം. വിശദമായ അന്വേഷണങ്ങൾക്ക് ശേഷമാണ് വീഡിയോ അടക്കമുള്ള വിവരങ്ങൾ എ.ടി.എസ്.ബി. ഇപ്പോൾ പുറത്തുവിട്ടത്.(Parachute gets stuck in plane's wing flap while skydiving at 15,000 feet!)
15,000 അടി ഉയരത്തിൽ 16 പേർ ചേർന്ന് നടത്താനിരുന്ന ഫോർമേഷൻ ചാട്ടത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് സംഭവം. വിമാനത്തിൽ നിന്ന് പുറത്തുവരാൻ ശ്രമിച്ച ആദ്യത്തെ സ്കൈഡൈവറുടെ റിസർവ് പാരച്യൂട്ട് വിമാനത്തിന്റെ വിങ് ഫ്ലാപ്പിൽ കുടുങ്ങി അപ്രതീക്ഷിതമായി തുറന്നു. ഇതോടെ, ചാടിയ ആൾ പിന്നിലേക്ക് തെറിക്കുകയും അദ്ദേഹത്തിന്റെ പാരാച്യൂട്ട് വിമാനത്തിന്റെ വാൽ ഭാഗത്ത് ചുറ്റിപ്പോവുകയും ചെയ്തു.
ഈ ആഘാതത്തിൽ, ചാടാൻ ഒരുങ്ങുകയായിരുന്ന ക്യാമറ ഓപ്പറേറ്റർ ഫ്രീഫാളിലേക്ക് വീണുപോയി. സ്കൈഡൈവറുടെ കാലുകൾ വിമാനത്തിൽ ശക്തമായി ഇടിച്ചിരുന്നു. അപ്രതീക്ഷിതമായി തുറന്ന പാരാച്യൂട്ടിന്റെ കൈപ്പിടി വിമാനത്തിന്റെ വിങ് ഫ്ലാപ്പിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വലിയ ഉയരത്തിൽ വിമാനത്തിന്റെ ചിറകിൽ പാരാച്യൂട്ട് കയറിൽ തൂങ്ങിക്കിടന്ന സ്കൈഡൈവർ സമയോചിതമായി ഇടപെട്ടു. കൈവശമുണ്ടായിരുന്ന ഹുക്ക് കത്തി ഉപയോഗിച്ച് അദ്ദേഹം റിസർവ് പാരാച്യൂട്ടിന്റെ കയറുകൾ മുറിച്ചുമാറ്റി. തുടർന്ന് തന്റെ പ്രധാന പാരാച്യൂട്ട് തുറന്ന് അദ്ദേഹം സുരക്ഷിതമായി നിലത്തിറങ്ങി.
നിയമപരമായി നിർബന്ധമില്ലെങ്കിലും ഹുക്ക് കത്തി കൈവശം വെക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്ന് എ.ടി.എസ്.ബി.യുടെ മുഖ്യ കമ്മീഷണർ ആംഗസ് മിച്ചൽ അഭിപ്രായപ്പെട്ടു. ഈ സംഭവത്തിൽ വിമാനത്തിന്റെ വാലുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതിനെ തുടർന്ന് പൈലറ്റ് 'മേഡേ' അപകട സിഗ്നൽ നൽകിയെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സാധിച്ചു.