

ഗാസ സിറ്റി: രണ്ട് വർഷമായി തുടരുന്ന യുദ്ധത്തിൽ ഇസ്രായേൽ സൈന്യം തകർത്ത ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫാ മെഡിക്കൽ കോംപ്ലക്സിന് (Al-Shifa Hospital) മുന്നിൽ വെച്ച് 168 പലസ്തീൻ ഡോക്ടർമാർ തങ്ങളുടെ സ്പെഷ്യലിസ്റ്റ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. പട്ടിണിക്കും ബോംബാക്രമണങ്ങൾക്കും വംശഹത്യക്കും ഇടയിൽ ജോലി ചെയ്യുന്നതിനൊപ്പം പരീക്ഷകൾ എഴുതി വിജയിച്ചവരാണിവർ. 'ഹ്യുമാനിറ്റി കോഹോർട്ട്' (മാനവികതയുടെ ബാച്ച്) എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.
"വേദനയുടെ ഗർഭപാത്രത്തിൽ നിന്നും ബോംബാക്രമണങ്ങൾക്കും രക്തപ്പുഴകൾക്കും ഇടയിൽ നിന്നും ജനിച്ച ബിരുദധാരികൾ" എന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം ഇവരെ വിശേഷിപ്പിച്ചത്. ഫലസ്തീനികൾ ജീവിതത്തെ സ്നേഹിക്കുന്നുവെന്നും ശാസ്ത്രീയ പുരോഗതിയിൽ അവർ പ്രതിജ്ഞാബദ്ധരാണെന്നും ഈ ചടങ്ങ് ലോകത്തിന് സന്ദേശം നൽകുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ഫോട്ടോകൾ വെച്ച ഒഴിഞ്ഞ കസേരകൾ ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു. രണ്ട് വർഷത്തിനിടെ 1,722 ആരോഗ്യപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
ഒരുകാലത്ത് ഗാസയുടെ ജീവനാഡിയായിരുന്ന അൽ-ഷിഫാ ആശുപത്രി ഇന്ന് വെറുമൊരു അസ്ഥി മാത്രമാണ്. 36 ആശുപത്രികളിൽ 18 എണ്ണം മാത്രമാണ് ഇപ്പോൾ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. 2023 ഒക്ടോബറിന് ശേഷം ആരോഗ്യമേഖലയ്ക്ക് നേരെ 825 ആക്രമണങ്ങളാണ് നടന്നതെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കടന്ന ഗാസയിൽ, തകർക്കപ്പെട്ട കെട്ടിടങ്ങൾക്കിടയിൽ നടന്ന ഈ ബിരുദദാന ചടങ്ങ് ലോകമനസാക്ഷിയെ ഉണർത്തുന്ന കാഴ്ചയായി.
In a powerful display of resilience, 168 Palestinian doctors held their graduation ceremony amid the ruins of the destroyed al-Shifa Hospital in Gaza City. These physicians, dubbed the "Humanity Cohort," completed their specialist certifications while working under constant bombardment and a crumbling healthcare system during two years of war. The ceremony honored the 1,722 healthcare workers killed in the conflict, sending a global message that despite the systemic destruction of their hospitals, the Palestinian commitment to life and medical service remains unbroken.