ഇസ്ലാമാബാദ്: രാജ്യത്തെ സൈനിക മേധാവിയുടെ അധികാരങ്ങൾ വിപുലീകരിക്കാനും സുപ്രീം കോടതിയുടെ അധികാരപരിധി നിയന്ത്രിക്കാനുമുള്ള പുതിയ ഭരണഘടനാ ഭേദഗതിക്ക് പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകി. ബുധനാഴ്ച പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി, പാകിസ്താനിലെ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും സിവിലിയൻ മേൽക്കോയ്മ ഇല്ലാതാക്കുമെന്നും വിമർശകർ അഭിപ്രായപ്പെട്ടു.(Pakistan's parliament grants unprecedented powers to Pakistan Army Chief Asim Munir)
പുതിയ ഭേദഗതിയുടെ ഭാഗമായി നിലവിലെ കരസേനാ മേധാവി അസിം മുനീറിനെ 'ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്' എന്ന പുതിയ പദവിയിലേക്ക് ഉയർത്തും. ഇതോടെ അദ്ദേഹം നാവികസേനയുടെയും വ്യോമസേനയുടെയും കമാൻഡ് ഔദ്യോഗികമായി ഏറ്റെടുക്കും.
കാലാവധി പൂർത്തിയായാലും അദ്ദേഹത്തിന് തന്റെ പദവി നിലനിർത്താനും ക്രിമിനൽ വിചാരണയിൽ നിന്ന് ആജീവനാന്തം സംരക്ഷണവും നിയമപരിരക്ഷയും നേടാനും കഴിയും. ഈ ഭേദഗതി തിങ്കളാഴ്ച സെനറ്റിലേക്ക് തിരിച്ചയക്കും. അതിനുശേഷം പ്രസിഡന്റ് ആസിഫ് അലി സർദാരി ഒപ്പുവെക്കുന്നതോടെ ഭേദഗതി ഭരണഘടനയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തും.
എക്‌സിക്യൂട്ടീവ് അധികാരത്തിന് മേലുള്ള ഏക കടിഞ്ഞാണായ സുപ്രീം കോടതിയുടെ അധികാരങ്ങളെയും പ്രവർത്തനപരിധിയെയും ഈ ഭേദഗതി വലിയ തോതിൽ ദുർബലപ്പെടുത്തുന്നുവെന്ന് വിമർശകർ ആരോപിക്കുന്നു.
ഭേദഗതി പ്രകാരം സുപ്രീം കോടതിക്ക് മുകളിൽ ഒരു പുതിയ ഫെഡറൽ ഭരണഘടനാ കോടതി സ്ഥാപിക്കും. ഇവിടേക്കുള്ള ജഡ്ജിമാരെ എക്‌സിക്യൂട്ടീവ് ആയിരിക്കും തിരഞ്ഞെടുക്കുക. ഇത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ എന്ന സങ്കൽപ്പത്തെ ഇല്ലാതാക്കുമെന്ന് വിമർശകർ പറഞ്ഞു. ജഡ്ജിമാരെ എവിടെ, എങ്ങനെ സ്ഥലം മാറ്റണം എന്നുള്ള തീരുമാനം പ്രസിഡൻ്റിന് മാത്രമായിരിക്കും. ഇത് എല്ലാത്തരത്തിലുമുള്ള ഉത്തരവാദിത്ത പ്രക്രിയകളെയും ഇല്ലാതാക്കുന്നു.
പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ സൈനിക മേധാവിയെ എല്ലാ വിമർശനത്തിനും അതീതനാക്കി നിർത്തുന്നത് സിവിലിയൻ മേൽക്കോയ്മ എന്ന തത്വത്തെ പരിഹസിക്കുകയാണെന്ന് വിമർശകർ പറയുന്നു. ഈ നിയമനിർമ്മാണം സൈനിക ഭരണം ഉറപ്പിക്കാനും പാകിസ്താനെ പൂർണ്ണമായ ഏകാധിപത്യത്തിലേക്ക് തള്ളിവിടാനും മാത്രമേ സഹായിക്കൂ എന്ന് പ്രതിപക്ഷം ആരോപിച്ചു.
2022 മുതൽ സൈനിക മേധാവിയായ മുനീർ, ഒരു രാഷ്ട്രത്തലവന് സമാനമായ പദവിയിൽ അന്താരാഷ്ട്ര യാത്രകൾ നടത്തി ശ്രദ്ധ നേടിയിരുന്നു. യു.എസ്. പ്രസിഡൻ്റുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുനീറിനെ 'എന്റെ പ്രിയപ്പെട്ട ഫീൽഡ് മാർഷ്യൽ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.