ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ പ്രളയ സാഹചര്യം നിയന്ത്രിക്കാൻ വിചിത്ര പരിഹാരമാർഗം നിർദേശിച്ച് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് പ്രളയജലം ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതിന് പകരം വീടുകളില്‍ സംഭരിച്ചുവെയ്ക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.പ്രളയത്തെ അനുഗ്രഹമായി കാണണമെന്നും ആസിഫ് പാക്ക് ജനതയെ ഉപദേശിച്ചിട്ടുണ്ട്.
ടബ്ബുകളും മറ്റും ഇതിനായി ഉപയോഗപ്പെടുത്തണം. 10–15 വർഷമെടുക്കുന്ന വൻ പദ്ധതികളേക്കാൾ പാക്കിസ്ഥാനിൽ പെട്ടെന്ന് നിർമിക്കാനാകുന്ന ചെറു അണക്കെട്ടുകളാണ് വേണ്ടതെന്നും ആസിഫ് കൂട്ടിച്ചേർത്തു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുണ്ടായ പ്രളയം 20 ലക്ഷം ആളുകളെയാണ് ബാധിച്ചത്. ചെനാബ് നദിയില്‍ ഉയരുന്ന ജലനിരപ്പ് പഞ്ചാബ് പ്രവിശ്യയിലെ മുല്‍താന്‍ ജില്ലയെ വെള്ളത്തിനടിയിലാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ പഞ്ച്‌നാദ് നദിയിലെ ജലനിരപ്പ് വെള്ളിയാഴ്ചയോടെ അപകടകരമായ തോതില്‍ ഉയരുമെന്നും അധികൃതര്‍ അറിയിച്ചു.