ന്യൂഡൽഹി: ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ ആവർത്തിക്കുമ്പോഴും ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്. പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിതത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്. പാക്കിസ്ഥാൻ മർക്കസി മുസ്‌ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ.
പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അടുത്ത അനുയായികളും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് നവാസ് നേതാവ് മറിയം നവാസ്, പാക്ക് ഭക്ഷ്യ മന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാൻ, പാക്ക് പഞ്ചാബ് നിയമസഭാ സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ എന്നിവരും ലഷ്കറെ തയിബ നേതാക്കളായ സെയ്ഫുള്ള കസൂരി, കുപ്രസിദ്ധ ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്, അമീർ ഹംസ എന്നിവരും ഒന്നിച്ചുള്ള ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.
മന്ത്രിമാർ ഭീകരരെ വേദിയിലേക്ക് സ്വീകരിച്ച് ആശംസകൾ നേരുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. പ്രസംഗങ്ങളിൽ മന്ത്രിമാരും നേതാക്കളും ഇന്ത്യയ്‌ക്ക് എതിരെ വിദ്വേഷപരാമർശങ്ങൾ നടത്തുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കസൂരിയുടെ പ്രസംഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പരാമർശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിൽ മരിച്ച ഭീകരരെ രക്തസാക്ഷികളെന്നാണ് കസൂരി വിശേഷിപ്പിച്ചത്. അതേസമയം, വിഡിയോയുടെ ആധികാരികത ഉറപ്പായിട്ടില്ല.