

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മെയ് 9-ലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെയുള്ളവയിൽ ഇമ്രാൻ ഖാന്റെയും (Imran Khan) ഭാര്യ ബുഷ്റ ബീബിയുടെയും ഇടക്കാല ജാമ്യം പാകിസ്ഥാനിലെ പ്രാദേശിക കോടതി നീട്ടി നൽകി. ജനുവരി 27-ന് നടക്കുന്ന അടുത്ത വിചാരണയിൽ ഇമ്രാൻ ഖാൻ നേരിട്ടോ വീഡിയോ ലിങ്ക് വഴിയോ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.
ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി മുഹമ്മദ് അഫ്സൽ മജോക്ക ജാമ്യം നീട്ടി ഉത്തരവിട്ടത്. തോഷാഖാന സമ്മാനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ രസീതുകൾ സമർപ്പിച്ചുവെന്ന കേസിലും സമാധാനപരമായ സമ്മേളന നിയമം ലംഘിച്ചുവെന്ന കേസിലും ബുഷ്റ ബീബിയുടെ ജാമ്യവും ജനുവരി 27 വരെ നീട്ടിയിട്ടുണ്ട്.
തോഷാഖാന-II കേസിലെ ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നതിനായി ഇമ്രാൻ ഖാനെ ജയിലിൽ പോയി കണ്ട് ഒപ്പിടുവിക്കാൻ വക്കീലിനെ അധികൃതർ അനുവദിക്കുന്നില്ലെന്ന് പിടിഐ ആരോപിച്ചു. ഇത് നീതി നിഷേധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. അഴിമതിക്കേസുകളിലും അക്രമ സംഭവങ്ങളിലും പ്രതിയായി ഇമ്രാൻ ഖാൻ നിലവിൽ അദിയാല ജയിലിലാണ്. നിയമനടപടികൾ തടസ്സപ്പെടുത്താൻ ജയിൽ അധികൃതർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നാണ് ഇമ്രാൻ ഖാന്റെ അഭിഭാഷകരുടെ പരാതി.
A Pakistani court has extended the interim bail for former Prime Minister Imran Khan and his wife Bushra Bibi until January 27, 2025, in multiple cases, including those related to the May 9 violence. The judge ordered Khan to appear at the next hearing either in person or via video link. Meanwhile, the PTI party accused prison authorities of obstructing justice by preventing Khan from signing legal documents necessary for appealing his recent convictions.