കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ഖോസ്റ്റ്, കുനാർ, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒൻപത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ വക്താവ് സബിനുള്ള മുജാഹിദ് അറിയിച്ചു. ഖോസ്റ്റിലെ ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ ഒരു വീടിന് മുകളിലാണ് ബോംബ് പതിച്ചത്. ഇവിടെ ഒൻപത് കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർ മരിച്ചു.(Pakistani airstrike in Afghanistan, Taliban claims 14 people, including 9 children, were killed)
കുനാർ, പക്തിക പ്രവിശ്യകളിലായി പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായും താലിബാൻ വക്താവ് സ്ഥിരീകരിച്ചു. താലിബാൻ 2021-ൽ അഫ്‌ഗാനിസ്ഥാൻ്റെ ഭരണ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമാണ് പാകിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ശത്രുത വർദ്ധിച്ചത്. 2022 മുതൽ ഇത് തുടർച്ചയായ ഏറ്റുമുട്ടലുകളിലേക്ക് കടക്കുകയും, കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
പാകിസ്ഥാൻ്റെ ആക്രമണങ്ങൾക്ക് കാരണമായി പറയുന്നത്, തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) എന്ന സംഘടനയ്ക്ക് അഫ്‌ഗാനിലെ താലിബാൻ സർക്കാർ പണവും ആയുധങ്ങളും നൽകി പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്താൻ സഹായിക്കുന്നുവെന്നാണ്. എന്നാൽ ഈ ആരോപണങ്ങൾ അഫ്‌ഗാനിസ്ഥാൻ തള്ളിക്കളയുന്നു.
ടിടിപിയോ താലിബാൻ സർക്കാരോ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ഔദ്യോഗിക അതിർത്തിയായ ഡ്യൂറണ്ട് രേഖ (Durand Line) അംഗീകരിക്കുന്നില്ല. ഇതാണ് ടിടിപിക്ക് താലിബാൻ സർക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇരു രാജ്യങ്ങൾക്കുമിടയിൽ പലതവണ സമാധാന ചർച്ചകൾ നടന്നിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ തുടരുന്നത്.