
കറാച്ചി: പാകിസ്ഥാൻ നടി ഹുമൈറ അസ്ഗറി(35)നെ കറാച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാര്‍ട്ട്‌മെന്റിൽ അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഈ അപ്പാർട്ട്മെന്റിൽ ഒറ്റക്കാണ് നടിയുടെ താമസം.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഡി.ഐ.ജി വ്യക്തമാക്കി. മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായതായി കരുതുന്നു.
പാകിസ്താനിലെ റിയാലിറ്റി ഷോയായ തമാഷ ഘറിലും ജലൈബീ എന്ന ചിത്രത്തിലും അഭിനയിച്ചതിലൂടെയാണ് ഹുമൈറ കൂടുതൽ പ്രശസ്തയായത്. ബിഗ് ബ്രദറിനും ബിഗ് ബോസിനും സമാനമായ ഒരു ഷോയാണ് തമാഷ ഘർ.