കാബൂൾ : വെടിനിര്‍ത്തൽ ചർച്ചകൾ നടക്കുന്നതിനിടെ അതിർത്തി പ്രദേശത്തെ ജനവാസമേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഷെല്ലിങ് നടത്തിയതായി അഫ്ഗാനിസ്ഥാൻ. ഇരു അയല്‍രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ തുര്‍ക്കിയില്‍ പുനരാരംഭിക്കുന്നതിനിടെയാണ് പാകിസ്താന്റെ പ്രകോപനം.ചർച്ചകൾ നടക്കുന്നതിനാൽ തിരിച്ചടിച്ചില്ലെന്നും അഫ്ഗാൻ സൈന്യം വ്യക്തമാക്കി.
പാകിസ്ഥാന്‍ ചെറുതും വലുതുമായ ആയുധങ്ങള്‍ ഉപയോഗിക്കുകയും ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയും ചെയ്തു. ഷെല്ലാക്രമണം 10-15 മിനിറ്റ് നീണ്ടുനിന്നു.പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ ഇനി നടക്കാനുള്ള ചര്‍ച്ചയിലും ഒത്തൂതീര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2021ൽ താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പാക്കിസ്ഥാനെതിരെ പോരാടുന്ന ഭീകരവാദികളെ താലിബാൻ സഹായിക്കുന്നതായാണ് പാക്ക് ആരോപണം. താലിബാന്‍ ഇതു നിഷേധിക്കുന്നു.