

ഇസ്ലാമാബാദ്: സാമ്പത്തിക തകർച്ചയും ജനസംഖ്യാ കുതിപ്പും മൂലം പ്രതിസന്ധിയിലായ പാകിസ്ഥാൻ, ഗർഭനിരോധന മാർഗ്ഗങ്ങളുടെ വില കുറയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിക്ക് (IMF) മുന്നിൽ അപേക്ഷയുമായി എത്തി. ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗർഭനിരോധന ഉറകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന 18 ശതമാനം ജി.എസ്.ടി പിൻവലിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.(Pakistan requests IMF to reduce price of condoms to curb population growth)
ലോകത്ത് ഏറ്റവും ഉയർന്ന ജനനനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം 60 ലക്ഷം കുട്ടികളാണ് പാകിസ്ഥാനിൽ ജനിക്കുന്നത്. നിലവിലെ തകർന്ന സമ്പദ്‌വ്യവസ്ഥയിൽ ഇത്രയും വലിയ ജനസംഖ്യയെ ഉൾക്കൊള്ളാൻ രാജ്യത്തിന് സാധിക്കില്ലെന്ന് അധികൃതർ വിലയിരുത്തുന്നു.
ദൈനംദിന ചെലവുകൾക്ക് പോലും ഐ.എം.എഫ് സഹായം തേടുന്ന സാഹചര്യത്തിൽ, ജനസംഖ്യ വർധിക്കുന്നത് ദാരിദ്ര്യം രൂക്ഷമാക്കുന്നു. നികുതി വരുമാനം കൂട്ടാനായി ഏർപ്പെടുത്തിയ 18% ജി.എസ്.ടി കാരണം ഗർഭനിരോധന മാർഗ്ഗങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമാവുകയാണ്.
നികുതി ഇളവുകൾ നൽകുന്നതിന് ഐ.എം.എഫിന്റെ കർശനമായ നിബന്ധനകൾ നിലനിൽക്കുന്നതിനാലാണ് പാകിസ്ഥാൻ ഈ വിഷയത്തിൽ പ്രത്യേക അപേക്ഷ നൽകിയത്.