

ലാഹോർ: പഞ്ചാബ് പ്രവിശ്യയിലെ സർഗോധ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിൽ നിന്ന് ഫൈസലാബാദിലേക്ക് പോയ 23 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പ്രധാന മോട്ടോർവേകൾ അടച്ചിരുന്നതിനാൽ ട്രക്ക് ഇടറോഡിലൂടെയാണ് സഞ്ചരിച്ചിരുന്നത്.
മഞ്ഞ് കാരണം റോഡ് കൃത്യമായി കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്. സർഗോധയിലെ കോട് മോമിൻ തെഹ്‌സിലിലുള്ള ഗാലാപൂർ പാലത്തിൽ വെച്ച് നിയന്ത്രണം നഷ്ടമായ ട്രക്ക് കനാലിലേക്ക് മറിയുകയായിരുന്നു.14 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിൽ 6 കുട്ടികളും 5 സ്ത്രീകളും ഉൾപ്പെടുന്നു.
അപകടത്തിൽപ്പെട്ട 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് പ്രവിശ്യയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂടൽമഞ്ഞ് കാരണമുള്ള അപകടങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം സമാനമായ സാഹചര്യങ്ങളിൽ 10 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചാബ് എമർജൻസി സർവീസസ് റെസ്‌ക്യൂ വിഭാഗം മുന്നറിയിപ്പ് നൽകി.