ഇസ്‌ലാമാബാദ്: കടുത്ത കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാൻ, ഐ.എം.എഫിൻ്റെ നിബന്ധനകൾ പാലിച്ച് ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിനെ (പി.ഐ.എ.) വിൽക്കുന്നു. പി.ഐ.എ.യെ ഏറ്റെടുക്കാൻ രംഗത്തുള്ള നാല് കമ്പനികളിൽ മുൻനിരയിലുള്ളത് പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ 'അധീനതയിലുള്ള' കമ്പനിയാണ്.(Pakistan in debt trap, about to sell its own airlines)
7 ബില്യൻ ഡോളറിന്റെ (ഏകദേശം 63,000 കോടി ഇന്ത്യൻ രൂപ) വായ്പാസഹായം പാക്കിസ്ഥാൻ ഐ.എം.എഫിൽ നിന്ന് ഉറപ്പാക്കിയിരുന്നു. ഈ വായ്പ ലഭിക്കണമെങ്കിൽ ഐ.എം.എഫ്. നിർദ്ദേശിക്കുന്ന നിബന്ധനകൾ പാക്കിസ്ഥാൻ അനുസരിക്കണം. അതിലൊന്നാണ് ദേശീയ വിമാനക്കമ്പനിയുടെ വിൽപന. വിമാനക്കമ്പനിയുടെ 51% മുതൽ 100% വരെ ഓഹരികൾ വിറ്റൊഴിയാനുള്ള നടപടികൾ തുടങ്ങിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായ്പാ കരാർ പ്രകാരം ഒരു ബില്യൻ ഡോളർ ഐ.എം.എഫ്. നേരത്തേ നൽകിയിരുന്നു. അടുത്ത ഗഡുവായ 1.2 ബില്യൻ ഡോളർ നൽകാനുള്ള ഐ.എം.എഫിന്റെ യോഗം ഡിസംബർ 8-നാണ്. തുടർന്നുള്ള ഗഡുക്കൾ ലഭിക്കണമെങ്കിൽ ഈ വർഷത്തിനകം പാക്കിസ്ഥാൻ വിമാനക്കമ്പനി വിറ്റഴിക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കണം.
പി.ഐ.എ.യെ ഏറ്റെടുക്കാൻ നിലവിൽ 4 കമ്പനികളാണ് രംഗത്തുള്ളത്. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ നിയന്ത്രണത്തിൽ പാക്കിസ്ഥാൻ സൈന്യം നയിക്കുന്ന ഫൗജി ഫെർട്ടിലൈസർ കമ്പനി ലിമിറ്റഡ് ആണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഇത് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷന്റെ കീഴിലുള്ള കമ്പനിയാണ്. ലക്കി സിമന്റ് കൺസോർഷ്യം, ആരിഫ് ഹബീബ് കോർപറേഷൻ കൺസോർഷ്യം, എയർ ബ്ലൂ ലിമിറ്റഡ് എന്നിവയാണ് മറ്റ് മൂന്ന് കമ്പനികൾ.