

കറാച്ചി: ഐക്യരാഷ്ട്രസഭയുടെ ആയുധ ഉപരോധം നിലനിൽക്കെ, ലിബിയൻ നാഷണൽ ആർമിക്ക്400 കോടി ഡോളറിലധികം (ഏകദേശം 33,000 കോടി രൂപ) മൂല്യമുള്ള സൈനിക ഉപകരണങ്ങൾ വിൽക്കാൻ പാകിസ്താൻ ധാരണയിലെത്തി (Pakistan- Libya). പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ലിബിയൻ ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് സദ്ദാം ഖലീഫ ഹഫ്താറും തമ്മിൽ ബെംഗാസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചരിത്ര കരാർ ഉറപ്പിച്ചത്.
രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ കരാറിൽ പാകിസ്താനും ചൈനയും ചേർന്ന് വികസിപ്പിച്ച 16 ജെഎഫ്-17 (JF-17) യുദ്ധവിമാനങ്ങൾ, 12 സൂപ്പർ മുഷാക്ക് പരിശീലന വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കര, കടൽ, വ്യോമ മേഖലകളിലേക്കാവശ്യമായ മറ്റ് അത്യാധുനിക യുദ്ധോപകരണങ്ങളും പാകിസ്താൻ ലിബിയയ്ക്ക് കൈമാറും. പാകിസ്താന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറുകളിൽ ഒന്നാണിത്.
2011 മുതൽ ലിബിയയ്ക്ക് മേൽ ഐക്യരാഷ്ട്രസഭ ആയുധ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കരാർ ഐക്യരാഷ്ട്രസഭയുടെ നിയമങ്ങൾ ലംഘിക്കുന്നില്ലെന്നാണ് പാക് ഉദ്യോഗസ്ഥരുടെ അവകാശവാദം. പടിഞ്ഞാറൻ ലിബിയയിലെ സർക്കാരിനെ അംഗീകരിക്കാത്ത, കിഴക്കൻ ലിബിയ നിയന്ത്രിക്കുന്ന ഹഫ്താറിന്റെ സൈന്യത്തിനാണ് പാകിസ്താൻ ആയുധങ്ങൾ നൽകുന്നത് എന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കാം. ഇന്ത്യയുമായുള്ള തർക്കങ്ങളിൽ തങ്ങളുടെ സൈനിക ശേഷി തെളിയിക്കപ്പെട്ടതാണെന്നും അത് ആയുധ വിപണിയിൽ തങ്ങൾക്ക് കരുത്താകുമെന്നും പാക് സൈനിക മേധാവി അസിം മുനീർ പറഞ്ഞു.
Pakistan has secured a massive $4 billion defense deal with the Libyan National Army (LNA) to supply military equipment, including JF-17 fighter jets and Super Mushak trainers. The agreement was finalized in Benghazi between Pakistan's Army Chief Asim Munir and Libya's Deputy Commander Saddam Haftar, marking one of Islamabad's largest-ever arms exports. Despite a standing UN arms embargo on Libya, Pakistan is moving forward with the deal to expand its defense footprint in North Africa.