ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷം താനാണ് വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകിയതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം തള്ളി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി ഇടപെടലിന് സമ്മതിച്ചിട്ടില്ല' എന്ന് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ദാർ പറഞ്ഞു.
ഇന്ത്യയുമായി ചർച്ചയ്ക്ക് പാകിസ്ഥാൻ തയ്യാറാണെങ്കിലും ഇന്ത്യ അതിന് പ്രതികരിച്ചിട്ടില്ല.മെയ് മാസത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കുള്ള വാഗ്ദാനം അമേരിക്ക മുന്നോട്ടുവെച്ചത്. ഇന്ത്യയുടെ തുടർച്ചയായ പ്രത്യാക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാൻ വെടിനിർത്തലിന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ ധാരണയിലെത്തിയത്.ഇരുകൂട്ടരും അംഗീകരിക്കുന്ന സ്ഥലത്ത് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജൂലൈയില്‍ നടന്ന ചര്‍ച്ചയില്‍, മൂന്നാമതൊരു പങ്കാളിയെ ആവശ്യമില്ലെന്ന് ഇന്ത്യ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ അറിയിച്ചതായി ഇഷാഖ് ദര്‍ പറഞ്ഞു.
ഞങ്ങള്‍ സമാധാനത്തെ സ്‌നേഹിക്കുന്ന രാജ്യമാണ്. ചര്‍ച്ചകളാണ് മുന്നോട്ടുള്ള വഴി എന്നാണ് വിശ്വസിക്കുന്നത് പക്ഷെ കൈയ്യടിക്കണമെങ്കില്‍ രണ്ട് കൈകള്‍ വേണം, ഇന്ത്യയും കൂടി തയ്യാറായാല്‍ മാത്രമേ അത്തരം ചര്‍ച്ചകള്‍ മുന്നോട്ടുപോവുകയുള്ളൂ. ഇന്ത്യ അനുകൂലമായി പ്രതികരിച്ചാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.