ലാഹോർ: തെഹ്രീകെ താലിബാൻ പാകിസ്ഥാനെ (TTP) ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ (Pakistan Afghanistan Border Conflict 2026). ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥയായാണ് പാകിസ്ഥാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൈനീസ് നഗരമായ ഉറുംഖിയിൽ കഴിഞ്ഞയാഴ്ച നടന്ന പാകിസ്ഥാൻ-അഫ്ഗാൻ താലിബാൻ പ്രതിനിധികളുടെ ചർച്ചയിലാണ് നിർണ്ണായക നീക്കമുണ്ടായത്.
അതിർത്തിയിലെ സമാധാനത്തിനായി മൂന്ന് നിബന്ധനകളാണ് ഇസ്ലാമാബാദ് മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു.
ടിടിപിയെ ഒരു ഭീകര സംഘടനയായി അഫ്ഗാൻ താലിബാൻ ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുക.അഫ്ഗാൻ മണ്ണിലുള്ള ടിടിപിയുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും പൂർണ്ണമായും ഇല്ലാതാക്കുക.ഈ നടപടികൾ സ്വീകരിച്ചുവെന്ന് പാകിസ്ഥാന് ബോധ്യപ്പെടുന്ന തരത്തിലുള്ള കൃത്യമായ തെളിവുകൾ കൈമാറുക-പാകിസ്ഥാൻ മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങൾ ഇവയാണ്.
ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ‘ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖ്’ ആരംഭിച്ചതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ പ്രധാന നയതന്ത്ര ഇടപെടലാണിത്. ടിടിപിക്കും ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്കും (BLA) കാബൂൾ അഭയം നൽകുന്നുവെന്ന പാകിസ്ഥാന്റെ ആരോപണത്തെത്തുടർന്ന് അതിർത്തികളിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ അവകാശപ്പെട്ടിരുന്നു.
തങ്ങളുടെ മണ്ണിൽ ഭീകരവാദികൾക്ക് സ്ഥാനമില്ലെന്ന് ആവർത്തിക്കുന്ന അഫ്ഗാൻ താലിബാൻ, പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി വ്യക്തമാക്കി. എന്നാൽ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിലും അതിർത്തി സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. ഈ ചർച്ചകൾ പാകിസ്ഥാന്റെ നയതന്ത്ര നിലപാടിലെ മാറ്റമായി കാണരുതെന്നും തീവ്രവാദത്തെ അടിച്ചമർത്തുക മാത്രമാണ് ലക്ഷ്യമെന്നും പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു.
Story Summary:
Pakistan has urged the Afghan Taliban to officially designate Tehrik-i-Taliban Pakistan (TTP) as a terrorist organization to resolve ongoing border tensions. During a recent meeting in Urumqi, China, Islamabad set three conditions: officially declaring TTP a terror group, dismantling its infrastructure in Afghanistan, and providing verifiable proof of these actions. This diplomatic move follows Pakistan’s military operation ‘Ghazab Lil-Haq’ against militant hideouts in Afghanistan.

