ഇരുന്നൂറിലധികം താലിബാൻ സൈനികരെ വധിച്ചു ; അവകാശവാദവുമായി പാക്കിസ്ഥാൻ |Pak Army
ഇസ്‍ലാമാബാദ് ∙ അഫ്ഗാന് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ 200ലധികം താലിബാന് സേനാംഗങ്ങളും ഭീകരരും കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാൻ. ഇതിൽ 23 പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പാക്കിസ്ഥാന് അറിയിച്ചു.
അതിർത്തി പ്രദേശങ്ങളിൽ അഫ്ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക് മറുപടിയായി പാക്കിസ്ഥാൻ 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരരുടെ ഒളിത്താവളങ്ങളും പിടിച്ചെടുത്തതായും പാക്ക് സൈന്യം പറഞ്ഞു. നേരത്തേ 58 പാക് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സൈന്യം കണക്കുകളുമായി രംഗത്തെത്തിയത്.
പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പാണ് താലിബാൻ നൽകിയിരിക്കുന്നത്. പാക്കിസ്ഥാനെതിരെ പോരാടുന്ന തെഹ്‌രീക്ക് ഇ താലിബാനെ അഫ്ഗാൻ സർക്കാർ സഹായിക്കുന്നു എന്നു പാക്ക് സർക്കാർ ആരോപിക്കുന്നു. ഇത് തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകിയിരുന്നു. തുടർന്നാണ്, അതിർത്തിയിൽ സംഘർഷം ആരംഭിച്ചത്.