പാകിസ്ഥാൻ - ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നു: ധാക്കയിൽ ISI പ്രത്യേക സെല്ലിന് രൂപം നൽകി| ISI

ഇത് പാക് ചാരസംഘടനയാണ്
പാകിസ്ഥാൻ - ബംഗ്ലാദേശ് ബന്ധം ശക്തിപ്പെടുത്തുന്നു: ധാക്കയിൽ ISI പ്രത്യേക സെല്ലിന് രൂപം നൽകി| ISI
Published on

ധാക്ക: ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാണിജ്യം, പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ പാകിസ്താൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ധാക്കയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ (ISI) പ്രത്യേക സെല്ലിന് രൂപം നൽകിയിട്ടുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ച വിവരം.(Pakistan-Bangladesh ties strengthened, ISI forms special cell in Dhaka)

പാകിസ്താൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷൻ ചെയർമാൻ ജനറൽ ഷഹീർ ഷംസാദ് മിർസ നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അടുത്തിടെ ബംഗ്ലാദേശിൽ എത്തിയിരുന്നു.

ബംഗ്ലാദേശിലെ കര, നാവിക, വ്യോമ സേനകളുടെ മേധാവിമാരുമായും ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസുമായും ഷംസാദ് മിർസ കൂടിക്കാഴ്ച നടത്തി. എട്ടംഗ പ്രതിനിധി സംഘമാണ് ഷംസാദ് മിർസയ്‌ക്കൊപ്പമുണ്ടായിരുന്നത്. ഈ സംഘത്തിൽ ഐ.എസ്.ഐ. ഉദ്യോഗസ്ഥരും പാക് നാവികസേന, വ്യോമസേന പ്രതിനിധികളും ഉൾപ്പെട്ടിരുന്നു.

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് അനുസരിച്ച്, സംഘാംഗങ്ങൾ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജൻസികളായ നാഷണൽ സെക്യൂരിറ്റി ഇന്റലിജൻസിലെയും ഡയറക്ടർ ജനറൽ ഫോഴ്‌സസ് ഇന്റലിജൻസിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു.

ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജൻസികൾ പരസ്പരം വിവരങ്ങൾ കൈമാറാൻ തീരുമാനമെടുത്തതായാണ് വിവരം. ഇത് ബംഗാൾ ഉൾക്കടലിലെ ഇന്ത്യയുടെ കിഴക്കൻ തീരത്തെയും വ്യോമമേഖലയെയും നിരീക്ഷിക്കാനുള്ള പാകിസ്താന്റെ തന്ത്രപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ചർച്ചകളുടെ ഭാഗമായാണ് ധാക്കയിലെ പാക് ഹൈക്കമ്മീഷൻ കാര്യാലയത്തിൽ ഐ.എസ്.ഐ. ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അനുമതി പാകിസ്താൻ നേടിയെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com