ബലൂചിസ്ഥാൻ: പാകിസ്ഥാൻ സുരക്ഷാ സേന തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച യുവതി മരിച്ചതായി റിപ്പോർട്ട്. പഞ്ച്ഗൂരിൽ വെച്ച് മാതാവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട നാസിയ ഷാഫിയെന്ന യുവതിയാണ് മണിക്കൂറുകൾക്കുള്ളിൽ മരണത്തിന് കീഴടങ്ങിയത്.(Pakistan Army's brutality in Balochistan, Mother and daughter kidnapped, brutally tortured and abandoned, woman dies)
പാക് സുരക്ഷാ സേന നാസിയ ഷാഫിയെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും ഗുരുതരാവസ്ഥയിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ സുരക്ഷാ സേന ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് സമീപവാസികളും ദൃക്‌സാക്ഷികളും പറയുന്നത്.
ഇരു സ്ത്രീകളെയും സുരക്ഷാ സേന നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയ ശേഷം ഗുരുതരമായ സ്ഥിതിയിൽ ഉപേക്ഷിച്ചു. മണിക്കൂറുകൾക്കുള്ളിൽ നാസിയ ഷാഫി മരണപ്പെട്ടു. സംഭവത്തിൽ ബലൂചിസ്ഥാനിലുടനീളം വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ ലംഘനമാണ് നടന്നതെന്ന് ബലൂചിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകയായ സമ്മി ഡീൻ ബലൂച് 'എക്‌സി'ൽ കുറിച്ചു. "ഈ വിഷയത്തിൽ ആഗോള മനുഷ്യാവകാശ സംഘടനകളും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സംഘടനകളും മൗനം വെടിയണം," എന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.