കറാച്ചി : വീണ്ടും ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി പാക്ക് സൈനിക മേധാവി അസിം മുനീർ.പുതിയ പ്രകോപനം പൊട്ടിപ്പുറപ്പെട്ടാൽ, പ്രതീക്ഷിക്കുന്നതിലുമപ്പുറത്തായിരിക്കും പാകിസ്താന്റെ പ്രതികരണെമെന്ന് അസിം മുനീറിന്റെ ഭീഷണി.ഖൈബർ പഖ്തൂൺഖ്വയിലെ പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിയിലെ (പിഎംഎ) ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അസിം മുനീർ.
പുതിയൊരു സംഘർഷത്തിന് തുടക്കമിട്ടാൽ, പാകിസ്താന്റെ പ്രതികരണം അത് തുടങ്ങിവെച്ചവരുടെ പ്രതീക്ഷകൾക്കുമപ്പുറത്തായിരിക്കും. ഏറ്റുമുട്ടലും ആശയവിനിമയ മേഖലയും തമ്മിലുള്ള വേർതിരിവ് കുറയുന്നതോടെ, പാക് യുദ്ധോപകരണങ്ങളുടെ പ്രഹരപരിധിയും സംഹാരശേഷിയും കടുത്തതായിരിക്കും. ഭൂമിശാസ്ത്രപരമായ വിശാലതയുടെ പേരിൽ ഇന്ത്യയ്ക്കുള്ള സുരക്ഷിതബോധത്തെ അവ തകർത്തെറിയും. ആണവവത്കൃതമായ ലോകത്ത് യുദ്ധത്തിന് ഇടമില്ല. എങ്കിലും, ചെറിയൊരു പ്രകോപനം പോലും നിർണായകവും അതിശക്തവുമായ പ്രതികരണത്തിനിടയാക്കുമെന്ന് അസിം മുനീർ.
അതേ സമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമായി തുടരുകയാണ്. പാക്കിസ്ഥാനെതിരെ പോരാടുന്ന തീവ്രവാദികളെ താലിബാൻ സഹായിക്കുകയാണെന്ന് പാക്ക് സർക്കാർ ആരോപിക്കുന്നു. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകള്‍ക്ക് പിന്നാലെ ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് വീണ്ടും പ്രകോപനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.