

കാബൂൾ: കഴിഞ്ഞ മാസം പാകിസ്ഥാനുമായി ഉണ്ടായ അതിർത്തി സംഘർഷത്തെ തുടർന്ന് അഫ്ഗാനിസ്ഥാൻ ഇറാനിലൂടേയും മധ്യേഷ്യൻ രാജ്യങ്ങളിടേയും ഉള്ള വ്യാപാരം വർദ്ധിപ്പിച്ചു. പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അഫ്ഗാനിസ്ഥാന്റെ ഈ നീക്കം. (Afghanistan)
പാകിസ്ഥാന്റെ അതിർത്തികളിൽ പതിവായി ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും, ഇസ്ലാമാബാദിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദ്ദങ്ങൾ ലഘൂകരിക്കാനും, ഗതാഗത കരാറുകൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്താനും ഇറാനിലെ ചബഹാർ തുറമുഖം ഉപയോഗിക്കുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാന്റെ വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇറാനുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം 1.626 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും ഇതേ കാലയളവിൽ പാകിസ്ഥാനുമായുള്ള വ്യാപാരം 1.108 ബില്യൺ യുഎസ് ഡോളറായിരുന്നെന്നും അഫ്ഗാൻ വ്യാപാര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.
ഒരു മാസത്തിലേറെയായി പാകിസ്ഥാനുമായുള്ള വാണിജ്യ നിർത്തി വച്ചതിനെ തുടർന്ന്, ചരക്കുകളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കുന്നതിന് ബദൽ വ്യാപാര മാർഗങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ച് അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഘാനി ബരാദർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ വരച്ച അതിർത്തിയായ ഡ്യൂറണ്ട് രേഖയുടെ കാര്യത്തിൽ, അതിർത്തി പ്രശ്‌നം കാരണം രണ്ട് ഇസ്ലാമിക രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം സമീപകാലത്ത് കൂടുതൽ വഷളായി. ഇത് ഇപ്പോഴും തർക്ക വിഷയമായി തുടരുകയാണ്. ഒക്ടോബറിന്റെ തുടക്കത്തിൽ, അതിർത്തി മേഖലയിൽ ഇരുപക്ഷവും തീവ്രമായ ഏറ്റുമുട്ടലിന്റെ നടുവിലായിരുന്നു, പാകിസ്ഥാൻ അഫ്ഗാൻ പ്രദേശത്ത് വ്യോമാക്രമണം നടത്തി. അതിർത്തിയിലെ പാകിസ്ഥാൻ ചെക്ക്‌പോസ്റ്റുകൾ ലക്ഷ്യമിട്ട് അഫ്ഗാൻ സർക്കാർ തിരിച്ചടിച്ചു.
ഖത്തറിനേയും തുർക്കിയേയും മധ്യസ്ഥരാക്കി ഇരു രാജ്യങ്ങളും നടത്തിയ ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ കരാറിൽ ഒപ്പ് വയ്ക്കുകയായിരുന്നു. എന്നിരുന്നാലും, ഈ മാസം ആദ്യം ഇസ്താംബൂളിൽ നടന്ന അവസാന ഘട്ട ചർച്ചകളിൽ ഇരുപക്ഷവും യുക്തിരഹിതമായ ആവശ്യങ്ങൾ മുന്നോട്ട് വച്ചു എന്ന് തമ്മിൽ ആരോപിച്ചത് കൊണ്ട് ചർച്ച ഫലം കണ്ടില്ല.