ഇസ്ലാമാബാദ്: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായി പാകിസ്താൻ പരസ്യമായി സമ്മതിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നു എന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിർണ്ണായക പരാമർശങ്ങൾ നടത്തിയത്.(Pak-Taliban relations have completely broken down, there is no hope, says Pakistan Defense Minister)
താലിബാൻ കാബൂൾ പിടിച്ചെടുത്ത സമയത്ത് താൻ വ്യക്തിപരമായി അവരെ സ്വാഗതം ചെയ്യുകയും ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പലതവണ അഫ്ഗാനിസ്താൻ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ ശ്രമങ്ങളൊന്നും ഫലവത്തായില്ലെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. "അഫ്ഗാനിൽനിന്ന് നല്ല മാറ്റത്തിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. എല്ലാ പരിധികളും ലംഘിക്കപ്പെടുന്നതുവരെ പ്രതീക്ഷ എപ്പോഴും നിലനിൽക്കണം. എന്നാൽ ഇന്ന്, ഞങ്ങൾ അവരെ പൂർണ്ണമായും എഴുതിത്തള്ളുകയാണ്, അവരിൽ ഞങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
താലിബാൻ തങ്ങളെ ആശ്രയിക്കുമെന്നാണ് പാകിസ്താൻ പ്രതീക്ഷിച്ചിരുന്നതെന്നും, എന്നാൽ മുഴുവൻ സമവാക്യങ്ങളും തലകീഴായി മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പാക് താലിബാനുമായുള്ള (തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ-TTP) ബന്ധത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സംഘർഷം ശമനമില്ലാതെ തുടരുന്നതിനിടയിലാണ് പ്രതിരോധ മന്ത്രിയുടെ ഈ പ്രതികരണം.
കഴിഞ്ഞ ദിവസം പാക് അതിർത്തിയോട് ചേർന്ന അഫ്ഗാനിസ്താനിലെ ഖോസ്റ്റ് പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടുവെന്ന ആരോപണം ഖ്വാജ ആസിഫ് തള്ളിക്കളഞ്ഞു. "ഞങ്ങൾ പ്രതികരിക്കുകയും തിരിച്ചടിക്കുകയും ചെയ്യാറുണ്ട്, എന്നാൽ, സാധാരണക്കാർ ഒരിക്കലും ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾക്ക് പാരമ്പര്യവും പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കവുമുള്ള ഒരു സൈന്യമുണ്ട്. പെരുമാറ്റച്ചട്ടമോ പാരമ്പര്യങ്ങളോ ഇല്ലാത്ത താലിബാനെപ്പോലെ ഒരു അസംഘടിത കൂട്ടമല്ല ഞങ്ങൾ," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തിന് പ്രതികാരമായി ഇസ്ലാമിക നിയമപ്രകാരം തിരിച്ചടിക്കുമെന്ന താലിബാന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഖ്വാജ ആസിഫ് രോഷാകുലനായി. "ഏത് ഇസ്ലാമിക നിയമം?" എന്ന് അദ്ദേഹം ചോദിച്ചു. ദശാബ്ദങ്ങളോളം അയൽവാസിയുടെ വീട്ടിൽ താമസിച്ച് പിന്നീട് രക്തം ചൊരിയാൻ ആവശ്യപ്പെടുന്ന ഏത് നിയമമാണ് അഫ്ഗാൻ താലിബാൻ പിന്തുടരുന്നതെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. താലിബാൻ നേതൃത്വം മുമ്പ് പാകിസ്താനിൽ അഭയം തേടിയ ചരിത്രത്തെ പരോക്ഷമായി പരാമർശിച്ചാണ് അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചത്.