ഇംഗ്ലീഷ് റോക്ക് ബാൻഡ് ‘ബ്ലാക്ക് സാബത്ത്' ഗായകൻ ഓസി ഒസ്ബോൺ അന്തരിച്ചു | Ozzy Osbourne

ഓസിയുടെ കുടുംബമാണ് മരണവാർത്ത പുറത്ത് വിട്ടത്
Ozzy
Published on

ഇംഗ്ലീഷ് റോക്ക് ബാൻഡ് ‘ബ്ലാക്ക് സാബത്ത്' ഗായകൻ ഓസി ഒസ്ബോൺ (76) അന്തരിച്ചു. പാർകിൻസൺ രോഗമടക്കം നിരവധി അസുഖങ്ങളുടെ പിടിയിലായിരുന്നു ഓസി. റോക്ക് മ്യൂസിക്കിലെ ഹെവി മെറ്റൽ എന്ന ശാഖയുടെ പിതാവ് എന്നും ഓസി അറിയപ്പെടുന്നു. പ്രിൻസ് ഓഫ് ഡാർക്നെസ്സ് എന്നാണ് ഓസി സ്വയം വിശേഷിപ്പിച്ചിരുന്നത്.

മൂന്നാഴ്ച മുമ്പ് ജന്മനാടായ ബർമിംഗ്ഹാമിൽ ബ്ലാക്ക് സാബത്തിനൊപ്പം ഓസ്ബോൺ വിരമിക്കൽ പരിപാടി നടത്തിയിരുന്നു. വിടവാങ്ങൽ പരിപാടിയിൽ ബ്ലാക്ക് സാബത്തിന്റെ സ്ഥാപകരായ ബാസിസ്റ്റ് ഗീസർ ബട്ട്‌ലർ, ഡ്രമ്മർ ബിൽ വാർഡ്, ഗിറ്റാറിസ്റ്റ് ടോണി ഇയോമി എന്നിവരുൾപ്പെടെയുണ്ടായിരുന്നു. ‘ബാക്ക് ടു ദ് ബിഗിനിങ്’ എന്ന പേരിലായിരുന്നു പരിപാടി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ബ്ലാക്ക് സാബത്തിന്റെ ആദ്യ പ്രകടനമായിരുന്നു ഇത്.

"നമ്മുടെ പ്രിയപ്പെട്ട ഓസി ഓസ്ബോൺ അന്തരിച്ചുവെന്ന വാർത്ത അറിയിക്കേണ്ടി വരുന്നത് വാക്കുകൾക്കതീതമായ വലിയ ദുഃഖമാണ്. അദ്ദേഹം കുടുംബത്തോടൊപ്പമുണ്ടായിരുന്നു. അവസാനം വരെ സ്നേഹത്താൽ വലയം ചെയ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു." – ഓസി ഓസ്ബോണിന്റെ കുടുംബം അറിയിച്ചു.

വേദിയിലെ അതിരുകടന്ന പ്രവർത്തികൾക്ക് വിമർശനം നേരിട്ട കലാകാരനാണ് ഓസി. വേദിയിൽവച്ച് വവ്വാലിന്റെ തല കടിക്കുക, കാണികൾക്ക് നേരെ പച്ചമാംസം വലിച്ചെറിയുക തുടങ്ങിയ പ്രവർത്തികളുടെ പേരിൽ അദ്ദേഹം ഏറെ വിമർശനം നേരിട്ടിരുന്നു. ഓസി ഓസ്ബോൺ പിശാചിനെ ആരാധിക്കുന്ന വ്യക്തിയാണെന്ന ആരോപണവും ഉണ്ടായിരുന്നു.

1948 ഡിസംബർ 3 ന് ബർമിംഗ്ഹാമിലാണ് ജോൺ ഓസി ഓസ്ബോൺ ജനിച്ചത്. 15–ാം വയസ്സിൽ സ്കൂൾ പഠനമുപേക്ഷിച്ച ഓസി, നിർമാണ തൊഴിലാളിയായും കശാപ്പുശാലയിലും ജോലി ചെയ്തു. നിരവധി ജോലികൾ ചെയ്ത ശേഷം ഒടുവിൽ മോഷണത്തിനും ശ്രമിച്ചു. പിതാവ് പിഴ അടയ്ക്കാൻ വിസമ്മതിച്ചതോടെ ആറ് ആഴ്ച ജയിൽ വാസം അനുഭവിച്ചു.

ഫാബ് ഫോർസിന്റെ 1963 ലെ സ്മാഷ് ‘ഷീ ലവ്സ് യു’ എന്ന ഗാനത്തിലൂടെയാണ് ഓസി സംഗീതജ്ഞനാകുന്നത്. ഇംഗ്ലീഷ് റോക്ക് ബാൻഡായ ‘ദ് ബീറ്റിൽസിൽ’ നിന്നാണ് ഓസിക്ക് സംഗീതത്തോട് താത്പര്യമുണ്ടാകുന്നത്. 1967 ലാണ് ‘ബ്ലാക്ക് സാബത്ത്’ ബ്രാൻഡ് രൂപം കൊണ്ടത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗത്തിന്റെ പേരിൽ 1979 ൽ ഓസിയെ ബാൻഡിൽ നിന്ന് പുറത്താക്കി. തുടർന്ന് ഓസി 11 ആൽബങ്ങൾ സ്വന്തമായും പുറത്തിറക്കി. 1997 ൽ വീണ്ടും ബാൻഡിൽ തിരിച്ചെത്തി.

Related Stories

No stories found.
Times Kerala
timeskerala.com