

മഞ്ഞ് പെയ്യുന്നതിന്റെയൊക്കെ മനോഹര കാഴ്ചകൾ നമ്മൾ ഏവരേയും സന്തോഷിപ്പിക്കുന്നതാണ്. ഒരിക്കൽ പോലും അങ്ങനെയുള്ള മഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഒയ്മ്യാകോണിൽ സ്ഥിതി കുറച്ചു വ്യത്യസ്തമാണ്. ഇവിടെ മഞ്ഞ് വീഴ്ച്ചയും തണുപ്പും കാരണം പൊറുതി മുട്ടിയ ഒരു ജനവിഭാഗത്തെ നമ്മുക്ക് കാണാം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഒയ്മ്യാകോൺ. ഒറ്റവാക്കിൽ വേണമെങ്കിൽ ലോകത്തിന്റെ ഫ്രീസർ എന്ന് വിളിക്കാം. (Oymyakon)
ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് ഇവിടുത്തെ പ്രതേകത. താപനില മൈനസ് 40 ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയാണ് പതിവ്. സ്കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ് മുന്നോട്ട് പോകുന്നത്. തണുപ്പുകാലത്ത് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വാഹനങ്ങളുടെ എൻജിൻ കേടാകുന്നതാണ്.
ഇതിനെല്ലാം അപ്പുറം ഇവിടെ ഒരാൾ മരണപ്പെട്ടാൽ സംസ്കരിക്കുന്നത് വളരെ പ്രയാസമാണ്. എന്നാൽ ഇത്രയും പ്രയാസപ്പെട്ട് സംസ്കരിച്ചു കഴിഞ്ഞാലും അഴുകാനും കാലതാമസമെടുക്കും. അത് കൊണ്ട് ഇവിടെയാരും മരിക്കരുതേ എന്നാണ് ഇവിടെയുള്ള നാട്ടുകാരുടെ പ്രാർത്ഥന.
ഇങ്ങനെയുള്ള പരിതസ്ഥിതിയിൽ ഒരു ഇന്ത്യകാരിയ്ക്ക് ജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ആ ബുദ്ധിമുട്ടുകളെ എല്ലാം തരണം ചെയ്താണ് ഇന്ത്യൻ യാത്രാ ഇൻഫ്ലുവൻസറായ അങ്കിത കുമാർ അവിടേക്ക് പോയത്. ഈ വർഷം ജനുവരിയിലായിരുന്നു സൈബീരിയയിലേക്ക് അവർ പോയത്. ശൈത്യകാലത്ത് താപനില മൈനസ് 70 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന യാക്ടുസ്ക്, ഒയ്മ്യാകോൺ എന്നീ നഗരങ്ങളാണ് സന്ദർശിച്ചത്. അങ്കിത സന്ദർശിക്കുമ്പോൾ ഒയ്മ്യാകോണിൽ –64 ഡിഗ്രി സെൽഷ്യസും യക്റ്റുസ്കിൽ –50 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ഈ കാലാവസ്ഥയെ അതിജീവിക്കുന്നതിനായി പ്രത്യേക ജാക്കറ്റും ബൂട്ടുകളും വാടകയ്ക്ക് എടുക്കുകയായിരുന്നു. കൂടാതെ നിരവധി വസ്ത്രങ്ങളും ധരിച്ചു. ഫോൺ മിനിറ്റുകൾക്കുള്ളിൽ ഓഫായി. ഷൂട്ട് ചെയ്യാനായി കൈയുറകൾ ഊരുമ്പോൾ മരവിപ്പും സൂചി കുത്തുന്നപോലെയുള്ള വേദനയുമായിരുന്നു.’– അങ്കിത പറഞ്ഞു.
ഒയ്മ്യാകോണിൽ സ്ഥിര താമസക്കാരുടെ എണ്ണം വളരെക്കുറവാണ്. ഇനി അവിടെ ജീവിക്കുന്നവരാകട്ടെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ജീവിതം ആസ്വദിക്കുന്നവരാണ്.