

നായയും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിൻ്റെ കഥയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാണാതായ വളർത്തുനായയെ ഉപേക്ഷിച്ചു കളയാൻ തയ്യാറാകാതിരുന്ന ഒരു മൃഗസ്നേഹിയുടെ കഥയാണ് ചൈനയിൽ നിന്ന് പുറത്തു വരുന്നത്. ചൈനയിൽ നിന്നുള്ള ഗാവോയ്ക്ക് നഷ്ടപ്പെട്ട ലാബ്രഡോറിനെ 1,500 കി.മീ. അകലെ നിന്ന് തിരികെ കിട്ടിയത് മൂന്നു മാസങ്ങൾക്ക് ശേഷം. ഓഗസ്റ്റ് 13 -ന് ഷാൻഡോങ് പ്രവിശ്യയിലെ ക്വിംഗ്‌ഡോവിലുള്ള വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സെപ്റ്റംബർ എന്ന നായയെ കാണാതാവുന്നത്. (Missing Dog)
ഉടമയായ ഗാവോ, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സെപ്റ്റംബർ മറ്റൊരു നായയുടെ ഉടമസ്ഥനോടൊപ്പം നടന്നുപോകുന്നത് കണ്ടു. പിന്നീട് സെപ്റ്റംബറിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. എന്നാൽ നായയെ ഉപേക്ഷിക്കാൻ ഗാവോ തയ്യാറായില്ല. അവർ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിച്ചു. സെപ്റ്റംബറിനെ അന്വേഷിച്ച് നഗരങ്ങൾ താണ്ടി യാത്ര ചെയ്തു. നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അവരുടെ പരിശ്രമം ഫലം കണ്ടു. ക്വിംഗ്‌ഡോവിൽ നിന്ന് 1,500 കിലോമീറ്ററിലധികം അകലെയുള്ള ചാങ്‌ഷായിൽ നിന്നുള്ള ഒരു വീഡിയോ അവരുടെ ശ്രദ്ധയിൽപ്പെട്ടു.
പുലർച്ചെ 3 മണിക്ക് കനത്ത മഴയിൽ ഒരു ലാബ്രഡോർ അലഞ്ഞു തിരിയുന്നതായിരുന്നു ആ വീഡിയോ. ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് ഷൗ എന്ന് പേരുള്ള ഒരു വനിതയായിരുന്നു. ഒരു വീഡിയോ കോളിലൂടെ ഗാവോ നായയെ തിരിച്ചറിഞ്ഞു. തുടർന്ന്, പെറ്റ് റീലൊക്കേഷൻ സേവനം ഏർപ്പെടുത്തി നായയെ തിരികെ വീട്ടിലെത്തിച്ചു. അവരുടെ പുനഃസമാഗമം അതീവ വൈകാരികമായിരുന്നു. ഇത്രയും നീണ്ട യാത്രയ്ക്ക് ശേഷവും സെപ്റ്റംബറിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.
എന്നാൽ നായ ഇത്രയും ദൂരം സഞ്ചരിച്ചതിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. അവൾക്ക് വഴി തെറ്റിയതാകാം, അല്ലെങ്കിൽ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാം എന്നാണ് ഗാവോയുടെ ഊഹം. എന്നാൽ, ഹൃദയസ്പർശിയായ ഈ ഒത്തുചേരൽ അവരുടെ ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നു.